സഞ്ചാരികളെ കാത്ത് ‘മലമുഴക്കി വേഴാമ്പൽ’ ; തട്ടേക്കാടിൽ വനം വകുപ്പിന്റെ ബോട്ട് സർവീസ് പുനഃരാരംഭിച്ചു.

കോതമംഗലം : ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായ തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷി സങ്കേതത്തിൽ വനം വകുപ്പിനെ നേത്രത്വത്തിൽ ബോട്ട് സർവീസ് ആരംഭിച്ചു. പെരിയാറിന്റെ ലാസ്യ ഭംഗിക്കൊപ്പം സഖ്യന്റെ അരുമകളേയും അടുത്തുകാണുവാൻ അവസരമൊരുക്കുകയാണ് വനം വകുപ്പ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തുകയും പെരിയാറിൽ ജലവിതാനം ഉയരുകയും , പുതിയ 21 സീറ്റുകളുള്ള ബോട്ട് അനുവദിച്ചു കിട്ടുകയും ചെയ്തതോടുകൂടിയാണ് വിനോദ സഞ്ചാരികൾക്കായി സർവീസ് ആരംഭിച്ചിരിക്കുന്നത്. വേഴാമ്പൽ (HORNBILL) എന്ന് പേരിട്ടിരിക്കുന്ന ബോട്ട് തട്ടേക്കാടിന്റെ പെരുമ വിളിച്ചോതുകയും ചെയ്യുന്നു.

തട്ടേക്കാടിന്റെ കാനന ഭംഗി ആസ്വദിക്കുവാൻ വനം വകുപ്പ് വിപുലമായ സജ്ജീകരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോട്ടിൽ സുരക്ഷക്ക് ആവശ്യമായ ലൈഫ് ജാക്കറ്റ് പോലെയുള്ള സജ്ജീകരണങ്ങളും , യാത്രയിൽ വിവരങ്ങൾ പങ്കുവെക്കുന്നതിനായി വനം വകുപ്പിന്റെ ഒരു ഗൈഡിന്റെ സേവനവും ലഭ്യമാണ്. രണ്ട് പാതകളിലാണ് പ്രധാനമായും ബോട്ട് സർവീസ് നടത്തുന്നത്. തട്ടേക്കാട് – കൂട്ടിക്കൽ വഴിയും , തട്ടേക്കാട് – ഓവുങ്ങൽ  റൂട്ടിലുമാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. യാത്രയിൽ നിരവധിയായ പക്ഷികളെയും , മാനുകളെയും ,ആനകളെയും കാണുവാൻ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം.

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രക്ക് 150 രൂപ മാത്രമാണ് ഈടാക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ആഴ്ചയിൽ ഏഴ് ദിവസവും സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷി സങ്കേതം ഒരുക്കുന്ന ബോട്ട് സർവീസ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സേവനം വൈകിട്ട് 4 .30 വരെ ഉണ്ടാകുന്നതാണ്.

തട്ടേക്കാടിൽ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കൂട്ടർകൂടിയുണ്ട് , പെഡൽ ബോട്ടുകൾ. നാല് പേർക്കും  രണ്ട് പേർക്കും സ്വയം നിയന്ത്രിച്ചു കൊണ്ട് പെരിയാറിന്റെ മടിത്തട്ടിൽ ഉല്ലസിക്കുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മലമുഴക്കി വേഴാമ്പലിൽ പെരിയാറിന്റെയും കാടിന്റെയും ഭംഗി കണ്ടാസ്വദിക്കുവാൻ താൽപ്പര്യമുള്ളവർക്ക് തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെടുക +918547603194/ +91 485 258 8302. സുരക്ഷിതമായി വനം വകുപ്പിന്റെ സംരക്ഷണത്തിൽ കാട്ടുമൃഗങ്ങളെ അടുത്തുകാണുവാനുള്ള അവസരം പാഴാക്കാതിരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...