അപകട ഭീഷണിയും, ഗതാഗത കുരുക്കും തീര്‍ത്ത് ഓടനിര്‍മ്മാണം ഇഴയുന്നു ; നിര്‍മ്മാണ പ്രവര്‍ത്തനം ധ്രുതഗതിയില്‍ ആക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

കോതമംഗലം :നെല്ലിക്കുഴി കവലയില്‍ നടക്കുന്ന ഓട നിര്‍മ്മാണവുമായി ബന്ധപെട്ട് ആലുവ – മൂന്നാര്‍ റോഡ് വെട്ടിപൊളിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതോടെ അപകട ഭീഷണിയും ഗതാഗത കുരുക്കും വര്‍ധിച്ചു. ഇതോടെ നെല്ലിക്കുഴി പഞ്ചായത്തും പടി മുതല്‍ നെല്ലിക്കുഴി കനാല്‍പാലം വരെയുളള ഗതാഗതം താറുമാറായതോടെ വ്യാപാര ശാലകള്‍ പ്രതിസന്ധിയിലായി. നെല്ലിക്കുഴി കവലയുമായി ബന്ധപെട്ട ആലുവ-മൂന്നാര്‍ റോഡില്‍ കാലങ്ങളായി മഴക്കാലമാകുന്നതോടെ വെളളകെട്ട് രൂക്ഷമായിരുന്നു. റോഡിന് ഇരുവശവുമായി ഉണ്ടായിരുന്ന ഓട മണല്‍ വന്ന് അടിഞ്ഞ് അടയുകയും കാലപഴക്കം മൂലം തകരുകയും ചെയ്തതോടെ ഓടയിലൂടെ ഒഴുകിയിരുന്ന ജലം റോഡിലൂടെ ഒഴുകി ഗതാഗത കുരുക്കുണ്ടാക്കുകയും കാല്‍നടയാത്ര പോലും ദുസഹമായി വ്യാപാര ശാലകളിലേക്ക് വെളളം കയറുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപാരികളുടെയും നാട്ടുകാരുടെയും വര്‍ഷങ്ങളായുളള ആവശ്യത്തെ തുടര്‍ന്ന് മുന്‍ യു.ഡി.എഫ്സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന പദ്ധതി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും നടക്കാതെ പോയിരുന്നു . ഈപദ്ധതിയാണ് കോതമംഗലം എം.എല്‍.എ ശ്രി. ആന്‍റെണി ജോണ്‍ ഇടപെട്ട് 85 ലക്ഷം രൂപ അനുവദിച്ച് ഡ്രൈനേജ് സംവിധാനത്തോടെയുളള ഓട നിര്‍മ്മാണം ആരംഭിച്ചത്.

പഴയ ഓടകള്‍ നവീകരിച്ച് വ്യാപാര ശാലകളില്‍ നിന്നുളള മാലിന്യങ്ങളും മലിന ജലവും തടഞ്ഞ് സംരക്ഷ ഭിത്തി കെട്ടി മഴവെളളം അനായാസം ഒഴുക്കാന്‍ ഡ്രൈനേജ് സംവിധാനം ഒരുക്കി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയർന്ന പരാതികളും പ്രതിഷേധങ്ങളുമാണ് ഇപ്പോൾ പദ്ധതി ഇഴയുവാൻ കാരണമായത്. വിവാദങ്ങൾ ആരംഭിച്ചതോടുകൂടി ആലുവ മൂന്നാര്‍ റോഡിന് കുറുകെ വെട്ടിപൊളിച്ച കലുങ്ക് നിര്‍മ്മാണത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെ നെല്ലിക്കുഴി പഞ്ചായത്തും പടി മുതല്‍ കനാല്‍പ്പാലം വരെയുളള ഭാഗങ്ങളിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍ ആകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളിലും വ്യാപാരികളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തിരമായി പൂര്‍ത്തീകരിച്ച് ഗതാഗത കുരുക്ക് ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് ആവശ്യപെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...