അച്ഛൻ മകളെ പറക്കാൻ പഠിപ്പിക്കുന്നു ; എല്ലാത്തിനും മൂകസാക്ഷിയായി അമ്മക്കിളിയും.

  • റെജീവ് തട്ടേക്കാട്

കോതമംഗലം : പക്ഷികൾക്ക് ഗുരുകുല വിദ്യാഭ്യാസം നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന സ്ഥലമാണ് തട്ടേക്കാട് പക്ഷി സങ്കേതം. നിരവധി തദ്ദേശീയരും , ദേശാടന കിളികളും പുതു തലമുറയെ വാർത്തെടുന്ന പ്രദേശം കൂടിയാണ് തട്ടേക്കാട്. പക്ഷി സങ്കേതത്തിന്റെ ആവാസ വ്യവസ്ഥയിൽ കൂടുകൂട്ടി മുട്ടയിട്ട് വിരിയിച്ച തീക്കാക്കയുടെ കുഞ്ഞിനെ പറക്കുവാൻ പഠിപ്പിക്കുന്ന ദൃശ്യങ്ങളും, അച്ഛനും മകളും കൂടി ഒരുമിച്ചു മരക്കൊമ്പിൽ ഇരിക്കുന്നതും , അപൂർവ്വമായി മാത്രം ലഭിക്കുന്ന കാഴ്ചകളും, ഒരു വനം വന്യജീവി ഫോട്ടോ ഗ്രാഫറെ സംബന്ധിച്ചു വല്ലപ്പോളും വീണുകിട്ടുന്ന അപൂർവ്വ ഭാഗ്യമാണ്.

അസാധാരണ വർണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈനയോളം വലിപ്പമുണ്ട്. ആൺപക്ഷിയുടെ തല, കഴുത്ത് എന്നീ ഭാഗങ്ങളിൽ കറുപ്പുനിറമാണ്. തവിട്ടു നിറത്തിലുള്ള മാറിൽ മാല പോലെ ഒരു വെള്ളപ്പട്ടയുണ്ട്. ഒരു വർഷം രണ്ട് മുട്ടകൾ ആണ് സാധാരണഗതിയിൽ ഇടുക.   മാറിന്റെ അടിഭാഗത്തിന് കടും ചുവപ്പു നിറമായിരിക്കും. പക്ഷിയുടെ പുറംഭാഗവും പൂട്ടിയ വാലിന്റെ ഉപരിഭാഗവും മഞ്ഞകലർന്ന തവിട്ടുനിറമാണ്. കറുപ്പുനിറമുള്ള ചിറകുകളിൽ നിരവധി നേരിയ വെള്ളവരകൾ കാണാം. വാലിന്റെ ഇരു പാർശ്വങ്ങളിലുമുള്ള തൂവലുകളിൽ മൂന്നെണ്ണം വീതം വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാൽ പക്ഷിയെ അടിവശത്തു നിന്നു നോക്കുമ്പോൾ വാൽ വെള്ളയാണെന്നു തോന്നും. പെൺപക്ഷിയുടെ അടിവശത്തിന് മഞ്ഞകലർന്ന ഇളം തവിട്ടുനിറമാണ്, തലയും കഴുത്തും കടും തവിട്ടുനിറവും. പല വർണ്ണങ്ങളിൽ ഉള്ള ആൺ കിളിയെ വെച്ചു നോക്കുമ്പോൾ സൗന്ദര്യം ആൺ കിളിക്ക് തന്നെയാണ്. മലബാർ ട്രോഗോൺ എന്നറിയപ്പെടുന്ന കിളികൾ പൊതുവരെ ശാന്ത സ്വഭാവ പ്രകൃതിയുള്ളവർ ആണ്. പുൽച്ചാടിയും , വെട്ടിൽ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഭക്ഷണം.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...