ഇടുക്കിയുടെ മടിത്തട്ടിൽ ഇനി ആര് ?, മുന്നണികളിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം.

▪ ഷാനു പൗലോസ്.

കോതമംഗലം: പ്രകൃതിവശ്യതയുടെ സൗന്ദര്യം ഉള്ളിലൊളിപ്പിച്ച് ഇടയ്ക്കിടെ കൊതിപ്പിക്കുന്ന ഇടുക്കിയിൽ നിന്ന് ലോക്സഭയിൽ മുഴങ്ങുന്ന ശബ്ദം ആരുടെ ?.. നിരവധി പേരുകൾ ഇവിടെ ചേർത്ത് വയ്ക്കുമ്പോഴും ഇടുക്കിയിലെ മണ്ണിന്റെ മണമുള്ള മനുഷ്യമനസ്സ് പൂർണ്ണമായും ആർക്കും പിടികൊടുക്കുകയില്ല. അതാണ് മുൻ തെരെഞ്ഞെടുപ്പുകൾ കാട്ടിത്തരുന്നത്.

ഇടുക്കി ലോക്സഭാ മണ്ഡലം – ആരെയും അങ്ങനെ അമിതമായി ചേർത്ത് പിടിക്കാറില്ല. തോട്ടങ്ങളിലും പാടത്തും പണിയെടുക്കുന്നവർക്ക് എപ്പോഴും രാഷ്ട്രീയം ഒരു കൈപ്പാട് അകലെയാണ്. തങ്ങളുടെ മനസ്സറിയുന്നവർക്ക് മാത്രം വോട്ട് നൽകിയവരാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാർ. മുൻപ് മൂവാറ്റുപുഴ മണ്ഡലം ആയിരുന്നത് വെട്ടിക്കുറച്ചും കൂട്ടി ചേർത്തും രൂപീകരിച്ച ഇടുക്കി മണ്ഡലത്തിന്റെ മാത്രം ഒരു പ്രത്യേകതയാണിത്.

കഴിഞ്ഞ തവണ യു.ഡി.എഫിന് ജനപിന്തുണ നഷ്ടമായ സാഹചര്യവും, നിർണ്ണായ സ്വാധീനമുള്ള കത്തോലിക്ക സഭയുടെ ഇടപെടലുകളും വോട്ടായി മാറിയപ്പോൾ ഇടത് പക്ഷത്തെ സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് വഴി വിജയം ഇടത് പക്ഷത്തേക്ക് ചാഞ്ഞു. യു.ഡി.എഫ് സർക്കാരുമായി ഇടഞ്ഞ് നിന്ന കത്തോലിക്ക സഭ അരയും തലയും മുറുക്കിയാണ് ഇടത്പക്ഷത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജോയ്സ് ജോർജിനെ രംഗത്തിറക്കിയത്. അതുകൊണ്ട് തന്നെ കത്തോലിക്ക സഭാംഗമായിരുന്നിട്ട് പോലും യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡീൻ കുര്യാക്കോസിന് അവർക്കിടയിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

ഇത്തവണ ഇടുക്കിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെയും, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടനെയുമാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഡീൻ കുര്യാക്കോസ് കഴിഞ്ഞ തവണ സ്ഥാനാർത്ഥി ആയിരുന്നതും യൂത്തിന്റെ സംസ്ഥാന നേതാവുമാണെന്നതാണ് പ്രധാന ഘടകമെങ്കിൽ പാറ ഘനന മാഫിയയ്ക്ക് എതിരെ ശക്തമായ നിലപാട് എടുത്തതും, ഇടുക്കിയുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്തിയതുമാണ് മാത്യു കുഴൽനാടന് ഇടുക്കിയിൽ ഗ്രേസ് മാർക്ക് ലഭിച്ചത്. എക്സ്പ്ലോർ ഇടുക്കി എന്ന പരിപാടിയുടെ മുഖ്യ സംഘാടകനായും ഈ മണ്ണിൽ കുഴൽനാടൻ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇരുവർക്ക് വേണ്ടിയും ശക്തമായ വാദങ്ങളാണ് ഇരു പക്ഷത്തെ പ്രമുഖരും ഉന്നയിക്കുന്നത്.

അതിനിടെ കസ്തൂരിരംഗൻ വിഷയത്തിൽ സജീവമായി ഇടപ്പെട്ട ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കണമെന്ന് ഡി.സി.സി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വരെ ഉമ്മൻ ചാണ്ടി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതിനിടെ കോട്ടയത്തോ പത്തനംതിട്ടയിലോ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കുവാനും ഒരു നീക്കം നടക്കുന്നുണ്ട്. കോട്ടയത്ത് ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയായി വരികയാണെങ്കിൽ ഇടുക്കിയിൽ കോൺഗ്രസ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി പി.ജെ ജോസഫ് വരുവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. ഒപ്പം ജോസഫ് വാഴയ്ക്കനെ സീറ്റ് വച്ച് മാറി നിർത്തുന്നതിനും കോൺഗ്രസ്സിലെ ചിലർ ആഗ്രഹിക്കുന്നു.

അതേ സമയം ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജോയ്സ് ജോർജ് തന്നെ വരുമെന്ന് തന്നെയാണ് കണക്ക് കൂട്ടൽ. പകരം മറ്റൊരു സ്ഥാനാർത്ഥിയെ ഇടത് പക്ഷത്തിന് ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തതും ജോയ്സ് ജോർജിന്റെ സാധ്യത കൂട്ടുന്നു. എന്നാൽ കഴിഞ്ഞ തവണ ജോയ്സ് ജോർജിന് ലഭിച്ച സഭാ പിന്തുണ ഇത്തവണേയും ലഭിക്കുമെന്ന് ഉറപ്പില്ല. അത്തരത്തിലൊരു സാഹചര്യം വന്നാൽ എൽ.ഡി.എഫിലെ ഘടക കക്ഷിയായ ജനാധിപത്യ കേരളാ കോൺഗ്രസിലെ ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകിയിട്ടാണെങ്കിലും ഇടുക്കി മണ്ഡലം പിടിച്ചു നിർത്തണമെന്ന ചിന്ത ഇടത് പക്ഷ ക്യാമ്പിലുണ്ട്.

ബി.ജെ.പി സ്ഥാനാർത്ഥിയായി പി.സി തോമസ് വരണമെന്ന് തന്നെയാണ് മണ്ഡലത്തിലെ ഭൂരിഭാഗം പ്രവർത്തകരുടെയും വികാരം. മുൻപ് ഇരു മുന്നണികളെയും പരാജയപ്പെടുത്തി പി.സി തോമസ് ലോക് സഭയിലേക്ക് വിജയിച്ചതാണ് ഇവർ ചൂണ്ടിക്കാണിക്കുന്ന പി.സിയുടെ പ്ലസ് പോയിന്റ്. ഒപ്പം കഴിഞ്ഞ നിയമസഭയിലേക്ക് മത്സരിച്ച ചിലരും ബി.ജെ.പി സ്ഥാനാർത്ഥിത്വത്തിനായി പല വഴി വല വിരിച്ചിട്ടുണ്ട്.

യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കവും, ശബരിമല സ്ത്രീ പ്രവേശന വിഷയവും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. സീറ്റ് നഷ്ടപ്പെടുത്താൻ തയ്യാറാകാതെ ഇടത് പക്ഷവും, ഏത് വിധേനയും തിരിച്ച് പിടിക്കാൻ തന്ത്രങ്ങളുമായി യു.ഡി.എഫും, അട്ടിമറി വിജയം നേടാൻ ബി.ജെ.പിയും തിരക്കിട്ട കൂടിയാലോചനകളാണ്.

ഇടുക്കിയുടെ ഭൂപ്രകൃതി നഷ്ടമാകാതെയും ടൂറിസം മേഖലയെ തളർത്താതെ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്നവരാകണം സ്ഥാനാർത്ഥികളാകണമെന്നാണ് വോട്ടർമാരായ ജനപക്ഷത്തിന്റെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...