ആഞ്ഞിലിച്ചക്ക ; ന്യൂ ജെനെറേഷൻ പഴങ്ങളെ വെല്ലുവിളിച്ചു വഴിയോരങ്ങളിൽ താരമാകുന്നു

കോതമംഗലം : കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നരാണ് കേരളീയർ . ഫാസ്റ്റ് ഫുഡ് സംസ്കാരവും , ജീവിത ശൈലി രോഗങ്ങളും അലട്ടുവാൻ തുടങ്ങിയപ്പോൾ ആണ് കേരളത്തിന്റെ തനത് ഫല വർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കുവാൻ തുടങ്ങിയത്. അങ്ങനെ ചക്ക നമ്മുടെ കേരളീയ ഫലമായി മാറുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ തൊടികളിൽ കിടന്ന് ഉപയോഗ്യശൂന്യമായിരുന്ന ചക്ക ഇന്ന് കമ്പോള വസ്തു ആകുകയും ചെയ്‌തു. കാലം നൽകുന്ന പ്രകൃതിദത്ത വിള എന്ന ചക്കയുടെ ചുവട് പിടിച്ചു വഴിയോരങ്ങളിൽ ഭക്ഷണപ്രിയരുടെ ആരോമലാണിപ്പോൾ ആഞ്ഞിലിച്ചക്ക എന്ന കുഞ്ഞൻ ഫലം.

രുചിയിൽ മാത്രമല്ല പോഷകഗുണത്തിലും മുന്നിൽ നിൽക്കുന്ന കുഞ്ഞൻചക്കകൾ Moraceae എന്ന ഫാമിലിയിൽ വരുന്ന പഴവർഗ്ഗമാണ്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശങ്ങിൽ വളരുകയും നീണ്ട നാൾ ആയുസ്സ് ഉണ്ടാകുകയും , മണ്ണിനടിയിൽ നിന്നും ചെറിയ മൂലകങ്ങളെ വരെ വലിച്ചെടുക്കുവാൻ കഴിവുള്ളവരുമാണ് എന്നതാണ് ഈ ഫാമിലിയുടെ പ്രത്യേകത. മരത്തിന്റെ തടി വിവിധങ്ങളായ ആവശ്യങ്ങൾക്കും , തൊലി വയറിളക്കത്തിനും , അൾസറിനും മരുന്നായും ഉപയോഗിക്കുന്നു. മധുരമുള്ള പഴം കഴിച്ചശേഷം കുരു ഉണക്കി വറുത്തു കഴിക്കുകയും , പൊടിച്ചു തേൻ കൂട്ടി കഴിക്കുന്നവരും ഉണ്ട്.

അങ്കമാലി, പെരുമ്പാവൂർ , കോതമംഗലം പ്രദേശങ്ങളിൽ നിന്നു പറിക്കുന്ന ചക്കകളാണു കൊച്ചി നഗരത്തിലും തൊട്ടുചേർന്നുള്ള പട്ടണങ്ങളിലും വഴിയോര വിൽപനയ്ക്കെത്തുന്നത്. ആഞ്ഞിലി ചക്കകൾ പറിച്ചെടുക്കുന്നതിനു മരത്തിന്റെ ഉടമയ്ക്കു നിസ്സാരതുക നൽകിയാൽ മതിയെങ്കിലും മരത്തിൽ നിന്നു ചക്ക ചാക്കിലെത്തിക്കുന്നതിനുള്ള കൂലിച്ചെലവ് കൂടുതലാണെന്നു വിൽപനക്കാർ പറയുന്നു. കീടനാശിനി സാന്നിധ്യമില്ലാത്ത പഴങ്ങൾക്കു മുൻഗണന നൽകുന്നവരും കുട്ടിക്കാലത്ത് ആഞ്ഞിലിച്ചുള നുണഞ്ഞ ഓർമ പുതുക്കാനാഗ്രഹിക്കുന്നവരുമൊക്കെ കിലോക്ക് 200 രൂപയെന്ന വില കണക്കിലെടുക്കാതെ രണ്ടും മൂന്നും കിലോഗ്രാം ചക്ക വാങ്ങിയാണു മടങ്ങുന്നതെന്നു കച്ചവടക്കാർ പറയുന്നു. വിപണി മൂല്യം തിരിച്ചറിഞ്ഞു കൃഷി തൈകൾ വിൽക്കുന്ന സ്ഥലങ്ങളിൽ ആൺ വർഗ്ഗത്തിൽ പെടുന്ന ബഡ് തൈകൾ ഇപ്പോൾ വിൽപ്പനക്കും തയ്യാറാക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...