ചെറുവട്ടൂരില്‍ മാലിന്യം കുന്നുകൂടുന്നു, മൂക്ക് പൊത്താതെ രക്ഷയില്ല; മാലിന്യ സംസ്ക്കരണത്തിന് പദ്ധതിയുണ്ടാക്കാൻ ആവശ്യപ്പെട്ട് – പി.ഡി.പി.

കോതമംഗലം : അറവ് മാലിന്യങ്ങള്‍, കോഴി വേസ്റ്റ് ,ഗാര്‍ഹീക മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ളാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലും നിറച്ച് രാത്രി കാലങ്ങളില്‍ ചെറുവട്ടൂര്‍ ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പരിസരങ്ങളില്‍ റോഡരികില്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി.  നിരവധി പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ചെറുവട്ടൂര്‍ -നെല്ലിക്കുഴി റോഡില്‍ സ്കൂളിന് താഴെയും, ചെറുവട്ടൂര്‍ – ഇരുമലപ്പടി റോഡില്‍ സ്കൂള്‍ ഗേറ്റിന്റെ തൊട്ടപ്പുറത്തും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. ഇരുലപ്പടി റോഡിന്റെ ഒരു വശത്ത് ഏകദേശം 150 മീറ്ററോളം ദൂരത്തില്‍ പടര്‍ന്ന് നില്‍ക്കുന്ന കുറ്റിച്ചെടികളുടെ മറവിലേക്കാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.

ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ പരിസരവാസികള്‍ പ്രദേശത്ത് മാലിന്യനിക്ഷേപം പാടില്ല എന്ന ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും രാത്രി കാലങ്ങളില്‍ കുറച്ച് നാള്‍ മാലിന്യനിക്ഷേപകരെ കണ്ടെത്താന്‍ കാവലിരിക്കുകയും ചെയ്തതാണ്.ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മാലിന്യനിക്ഷേപം തുടങ്ങിയ പ്രദേശങ്ങളിലൂടെ മൂക്ക് പൊത്താതെ നടന്ന് പോകാനോ വാഹനങ്ങളില്‍ യാത്ര ചെയ്യാനോ കഴിയാത്ത നിലയില്‍ അസഹനീയ ദുര്‍ഗന്ധം വമിക്കുകയാണ്.

ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ നടന്ന് പോകുന്നത് ടി മാലിന്യനിക്ഷേപത്തിന്റെ ദുര്‍ഗന്ധം സഹിച്ച് കൊണ്ടാണ്. ജനപ്രതിനിധികളുടെ ഗൗരവതരമായ ഇടപെടലുണ്ടാവുകയും റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിക്കുകയും മാലിന്യനിക്ഷേപത്തിനും സംസ്ക്കരണത്തിനും ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യണമെന്ന് പി.ഡി.പി.ചെറുവട്ടൂര്‍ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഷിയാസ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എന്‍.സലാഹുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിസാര്‍ ഊരംകുഴി, റഷീദ് ചാലില്‍, ഷിഹാബ് കുരുംബിനാംപാറ,ജമാല്‍ പടുത്താലുങ്കല്‍, മുഹമ്മദ് മാമോളത്ത്, ബെന്നി വര്‍ക്കി കാക്കനാട്ട്, കെബീര്‍ മൂശാരിമോളം, ഷിഹാബ് വട്ടപ്പാറ, സലിം കുന്നുപറന്പില്‍, സിറാജ് കരോട്ടക്കുടി, മുഹമ്മദ് ശാഫി, ഷിയാസ് അലി, ഷിയാസ് കുരുംപിനാംപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...