സംസ്ഥാന ചലച്ചിത്ര അവാർഡ് – മികച്ച നടൻ ഇന്ദ്രൻസ്, പിന്നിൽ ഒരു കോതമംഗലംകാരന്റെ പ്രയത്‌നവും.

കോതമംഗലം – സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആളൊരുക്കം എന്ന സിനിമയിലെ നായക കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ഇന്ദ്രൻസ് തിരഞ്ഞെടുക്കപ്പെട്ടു . വി സി അഭിലാഷ് സംവിധാനം നിർവഹിച്ച ഈ സിനിമയുടെ സഹസംവിധയകനായി പ്രവർത്തിച്ചത് കോതമംഗലം വടാട്ടുപാറ സ്വദേശിയായ അജേഷ് ശശിധരനാണ്. സംവിധായകൻ അഭിലാഷും , അജേഷും വർഷങ്ങളായി സിനിമ സ്വപ്നം കണ്ടു കൊണ്ട് നടന്നിരുന്ന അടുത്ത സുഹൃത്തുക്കളാണ് . ആളൊരുക്കം സിനിമയുടെ കഥാതന്തു രൂപം കൊള്ളുന്നത് മുതൽ അഭിലാഷും, അജേഷും ഒരുമിച്ചാണ് സിനിമയുടെ എല്ലാ കാര്യങ്ങളും ചെയ്തത്.ഓട്ടൻ തുള്ളൽ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തിനെയാണ് ഇന്ദ്രൻസ് ഈ സിനിമയിൽ അവതരിപ്പിച്ചത്. 20 വര്ഷം മുൻപ് നഷ്ടപ്പെട്ട മകനെ അന്വേഷിച്ചു നഗരത്തിലേക്ക് പോകുന്ന പപ്പു പിഷാരടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും , സ്വാഭാവികമായി ഉയർന്നു വരുന്ന സന്ദർഭങ്ങളും ഈ സിനിമ എന്ന് അജേഷ് കോതമംഗലം വാർത്തയോട് പ്രതികരിച്ചു . കഥ എഴുതിയതിനു ശേഷം നടനെ അന്വേഷിച്ചു കണ്ടു പിടിച്ചതല്ലെന്നും കഥ എഴുതി തുടങ്ങിയപ്പോൾ തന്നെ ഈ വേഷം ഇന്ദ്രൻസ് ചെയ്യണം എന്ന ഒരു താല്പര്യം സംവിധായകൻ അഭിലാഷിന് ഉണ്ടായിരുന്നു എന്നും അജേഷ് കൂട്ടി ചേർത്തു. കഥാപാത്രത്തിന്റെ പൂർണതക്കായി കലാമണ്ഡലത്തിലെ കലാകാരന്മാരുടെ കീഴിൽ ഓട്ടൻ തുള്ളൽ പഠിക്കാനും ഇന്ദ്രൻസ് സമയം കണ്ടെത്തിയെന്നും ,54 വയസുള്ള കാഴ്ചയിൽ വലിയ ആരോഗ്യമൊന്നും ഇല്ലാത്ത ഇന്ദ്രൻസ് ഓട്ടന്തുള്ളൻ പഠിക്കാൻ തയ്യാറായത് തന്നെ സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും , സിനിമയിൽ ഓട്ടൻതുള്ളൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നുണ്ടെന്നും അജേഷ് അറിയിച്ചു . ഷൂട്ടിങ്ങിനിടയിൽ ഇന്ദ്രൻസിന്റെ അഭിനയം കണ്ടിട്ട് പലസന്ദർഭത്തിലും സെറ്റിലെ മുഴുവൻ അംഗങ്ങളും നിർത്താതെ കയ്യടിച്ചെന്നും , ഈ സിനിമയിലൂടെ അദ്ദേഹത്തിന് ഒരു അംഗീകാരം ലഭിക്കുമെന്ന് സംവിധായകന്റെ സൈഡിൽ നിന്നും നോക്കുമ്പോൾ ഉറപ്പായിരുന്നു എന്നും അജേഷ് പറഞ്ഞു . മലയാള സിനിമ ഇന്ദ്രൻസ് എന്ന കലാകാരനെ ശരിയായ വിധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് അജേഷിന്റെ അഭിപ്രായം. സിനിമയുടെ കഥയുമായി സമീപിച്ചപ്പോൾ താൻ ചെയ്യണം എന്ന് നിർബന്ധമാണോ എന്ന് അദ്ദേഹത്തിന്റെ ചോദ്യത്തിന് മുൻപിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ തങ്ങൾ തയ്യാറാകാതെ ഇരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഭിനയശേഷി ജനങ്ങൾക്ക് വിലയിരുത്താൻ സാധിച്ചതെന്നും അജേഷ് കൂട്ടി ചേർക്കുന്നു .ഇന്ദ്രൻസ് ഒഴികെ ഈ സിനിമയിൽ ഉള്ള ഭൂരിഭാഗം പേരും സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന പുതു മുഖങ്ങളാണ്. നിരവധി യുവ മാധ്യമ പ്രവർത്തകരും ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ ലൊക്കേഷൻ എല്ലാം തന്നെ തിരുവനന്തപുരമാണ് .  സിനിമ പൊതുജനങ്ങൾക്ക് വേണ്ടി തീയറ്ററുകളിൽ ഉടനെ വരും, ഇന്ദ്രൻസ് എന്ന നടന്റെ വേഷപ്പകർച്ച കാണാൻ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുകയാണ്.കോതമംഗലം വടാട്ടുപാറ സ്വദേശിയായ അജേഷ് വടാട്ടുപാറ സ്‌കൂളിലും , കീരംപാറ സൈന്റ്റ് സ്റ്റീഫൻ സ്‌കൂളിലുമാണ് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം പൂർത്തീകരിച്ചത് . ഉപരി പഠനം നടത്തിയത് തിരുവനന്തപുരത്തുമാണ് . ദൂരദർശനിൽ ന്യൂസ് കോറെസ്പോണ്ടന്റ് ആയി കഴിഞ്ഞ ഒൻപത് വർഷമായി ജോലി ചെയ്തു വരുന്ന അജേഷിനു സ്വന്തമായി ഒരു സിനിമ ചെയ്യുക എന്നതാണ് സ്വപ്നം . വടാട്ടുപാറ ആണ് തന്റെ എല്ലാം എന്നും അവിടുത്തെ ശുദ്ധവായു , ശുദ്ധജലം എന്നിവ തന്റെ ചിന്തയെ മിനുക്കിയെടുത്തിട്ടുണ്ടെന്നും അജേഷ് വെളിപ്പെടുത്തി . കായികതാരങ്ങൾക്കും , കലാകാരന്മാർക്കും എല്ലാവിധ പിന്തുണയും നൽകി വരുന്ന വടാട്ടുപാറയിലെ ജനങ്ങളുടെ പിന്തുണ തനിക്കും ലഭിച്ചിട്ടുണ്ടെന്നും , അത് എല്ലാകാലത്തും പ്രചോദനം നൽകിയിട്ടുണ്ട് എന്നും അജേഷ് കൂട്ടി ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...