വാഹനം ഓടിക്കുന്നവർക്ക് ‘സാരഥി’ ; കോതമംഗലം സബ് ആർ.ടി.ഓഫീസിൽ നിന്ന് ഇനി മുതൽ ലഭിക്കുക കേന്ദ്ര സർക്കാരിന്റെ പുതിയ ഡ്രൈവിങ് ലൈസൻസ്.

കോതമംഗലം : ഇനി മുതൽ കോതമംഗലം സബ് ആർ.ടി. ഓഫീസിൽ നിന്ന് ലഭിക്കുക കേന്ദ്ര സർക്കാരിന്റെ പുതിയ ഡ്രൈവിങ് ലൈസൻസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ലൈസൻസിനായി അപേക്ഷിക്കുന്ന ’സാരഥി’ പദ്ധതി കോതമംഗലം സബ് ആർ.ടി. ഓഫീസിലും ആരംഭിച്ചു. നിലവിൽ സംസ്ഥാന മോട്ടോർ വാഹനവകുപ്പ് നൽകുന്ന ഡ്രൈവിങ് ലൈൻസ് ഉപയോഗിച്ച് ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കാമെങ്കിലും, പുതിയ പദ്ധതി വന്നതോടെ ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാരാകുമെന്നതാണ്‌ പ്രത്യേകത. രാജ്യത്താകെ വാഹന ലൈസൻസുകളും ഏകീകരിക്കാൻ ലക്ഷ്യമിട്ട്‌ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളാണ് ‘വാഹൻ’, ‘സാരഥി’ എന്നിവ. ’വാഹൻ’ വാഹന രജിസ്ട്രേഷനും ’സാരഥി’ ഡ്രൈവിങ് ലൈസൻസുമാണ്. ഇതിൽ ’സാരഥി’യാണ് ഈ വർഷം മുതൽ ആരംഭിച്ചത്.

ആറുതരം സുരക്ഷാസംവിധാനമാണ് പ്ലാസ്റ്റിക് കാർഡ് രൂപത്തിലുള്ള ലൈസൻസിനുള്ളത്. ക്യു.ആർ. കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോലൈൻ, മൈക്രോ ടെക്‌സ്റ്റ്, യു.വി. എംബ്ലം, ഗൈല്ലോച്ചേ പാറ്റേൺ എന്നിവ അടങ്ങിയതാണ് സുരക്ഷാ സംവിധാനങ്ങൾ. വ്യക്തിയുടെ മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇളംമഞ്ഞ, പച്ച, വയലറ്റ് നിറങ്ങൾ ലയിപ്പിച്ച മനോഹരമായ ഡിസൈനാണ് ലൈൻസിനുള്ളത്. ‘ഇന്ത്യൻ യൂണിയൻ ഡ്രൈവിങ് ലൈസൻസ്’ എന്ന തലവാചകത്തോട്‌ ചേർന്ന് കേന്ദ്ര സർക്കാർ മുദ്രയുണ്ട്. ഹോളോഗ്രാമും കേരള സർക്കാർ മുദ്രയും വ്യക്തിയുടെ ഫോട്ടോയും തൊട്ടുതാഴെ. മുൻവശത്ത് രക്ത ഗ്രൂപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ലൈസൻസിന്റെ പിറകുവശത്താണ് ക്യൂ.ആർ. കോഡുള്ളത്. ഈ കോഡ് സ്‌കാൻ ചെയ്താൽ ലൈസൻസ് എടുത്തിരിക്കുന്ന വ്യക്തിയുടെ എല്ലാ വിശദാംശങ്ങളും ലഭിക്കും. 2019 ജനുവരി ഒന്നാം തീയതി പുതിയ ലൈസൻസിനുള്ള ആദ്യ അപേക്ഷ അക്ഷയ് കുമാറിൽ നിന്ന്‌ കോതമംഗലം ജോയിന്റ് ആർ.ടി.ഒ. ഡേവിസ് എം.ടി സ്വീകരിച്ചു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. പി. ഐ ഷമീർ പി എ, പി ആർ ഓ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.

ആദ്യ പടിയായി ലേണേഴ്‌സ് ലൈസൻസിനായി ‘സാരഥി’ പദ്ധതി പ്രകാരം ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും , തിയറി ടെസ്റ്റും പ്രാക്റ്റിക്കൽ ടെസ്റ്റും പാസ്സായി കഴിയുമ്പോൾ കേന്ദ്ര സർക്കാരിന്റെ പുതിയ ‘സാരഥി’ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുവാൻ സാധിക്കുന്നത്. ലേണേഴ്‌സ് തിയറി ടെസ്റ്റിന് ഹാജരാകുമ്പോൾ അപേക്ഷയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഉള്ള മൊബൈൽ കൂടി കൊണ്ടുവരേണ്ടതാണ്. മൊബൈലിൽ വരുന്ന പിൻ നമ്പർ എൻട്രി ചെയ്‌താൽ മാത്രമേ അപേക്ഷകന് പരീക്ഷക്ക്‌ പ്രവേശിക്കുവാൻ സാധിക്കുകയുള്ളു.  കേരള സർക്കാരിന്റെ വെബ്സൈറ്റ് മുഖാന്തരം ആണെങ്കിലും സാരഥി പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :  https://mvd.kerala.gov.in/index.php/forms/driving-licence

Be the first to comment

Leave a Reply

Your email address will not be published.


*


Loading...