റബ്ബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ.

കോതമംഗലം – സംസ്ഥാനത്തെ റബ്ബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുവാൻ സ്വാഭാവിക റബ്ബറിന് വില നിശ്ചയിക്കുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബഹു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിയമസഭയിൽ അറിയിച്ചു. ഉൽപാദന ചെലവുമായി ബന്ധപ്പെടുത്തി സ്വാഭാവിക റബ്ബറിന് വില നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെടണമെന്ന ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു.മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ദേശീയ റബ്ബർ നയം പരിഷ്കരിക്കുമ്പോൾ ചെറുകിട നാമമാത്ര കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കേന്ദ്ര സർക്കാരിന്റെ Lively hood security box -ലും രാജ്യാന്തര വാണിജ്യ-വ്യവസായ കരാറുകളിലും സ്വാഭാവിക റബ്ബറിനെ ഉൾപ്പെടുത്തണമെന്നും ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് 22/2/2018 ൽ കൃഷി വകുപ്പ് മന്ത്രി ആവശ്യപ്പെടുകയും, ബഹു.കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ റബ്ബർ കർഷകരുടെ വിവിധ ആവശ്യങ്ങൾക്ക് യുദ്ധ കാല അടിസ്ഥാനത്തിൽ പരിഹാരം കാണുനതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജോയിന്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബഹു.മന്ത്രി പറഞ്ഞു.

കൂടാതെ ഉൽപാദന ചെലവിന് ആനുപാതികമായി സ്വാഭാവിക റബ്ബറിന്റെ വില നിശ്ചയിക്കുന്ന കാര്യവും, റബ്ബറിന് സംസ്ഥാന സർക്കാർ നൽകി വരുന്ന ഉൽപാദക ബോണസ് 150/- രൂപയിൽ നിന്നും 200/- രൂപയായി വർദ്ധിപ്പിക്കുന്നതിനാവശ്യമായി അധിക സഹായം നൽകുന്നതിനും സംസ്ഥാന സർക്കാർ ആ വശ്യപ്പെട്ടിട്ടുണ്ടെന്നും, തെക്കൻ സംസ്ഥാനങ്ങളിലെ കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചെലവിന്റെ 150% താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ.വി എസ് സുനിൽ കുമാർ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...