മഴവിൽ വർണ്ണങ്ങൾ തീർക്കുന്ന ലോകത്തെ ഏറ്റവും സുന്ദരിയായ ‘മഴവിൽ മരം’ നമ്മുടെ നാട്ടിലും.

  • ജെറിൽ ജോസ് കോട്ടപ്പടി.

കോതമംഗലം : ലോകത്തുതന്നെ അപൂർവ്വമായി വളരുന്ന മരമാണ് റെയിൻബോ ട്രീ എന്ന് വിളിക്കുന്ന റെയിൻബോ യൂക്കാലിപ്റ്റസ് (rainbow eucalyptus). Eucalyptus Deglupta എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഈ മരം വളരുന്നത്. തൃശൂർ പീച്ചി വനത്തിലും , മറ്റൊന്ന് കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിൽ ആണ് ഈ അപൂർവ മരം തലയെടുപ്പോടെ മാനം മുട്ടെ വളർന്ന് പന്തലിച്ചു നിറ വിസ്മയങ്ങൾ തീർക്കുന്നത്.ഗാംഭീര്യം വിതറി 200 അടിയോളം ഉയരത്തിൽ വളർന്ന് പന്തലിച്ചു സുന്ദര കാഴ്ചയൊരുക്കുകയാണ് മഴവിൽ മരം. റെയിൻബോ യൂക്കാലിപ്റ്റസിന്റെ തൊലി ആദ്യം നല്ല മിനുസത്തോടുകൂടി പച്ചനിറത്തിൽ കാണപ്പെടുകയും , അതിന് ശേഷം നീല, റോസ്, ഓറഞ്ച്, മെറൂണ്, ചുവപ്പ് എന്നീ നിറങ്ങളിൽ തൊലിക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ഡിസംബർ മുതൽ മാർച്ച് മാസം വരെയുള്ള സമയങ്ങളിൽ ആണ് കൂടുതലും വർണ്ണ വിസ്മയങ്ങൾ കൊണ്ട് മരം കാഴ്ചവിരുന്നൊരുക്കുന്നത്. കൂടുതൽ സൂര്യപ്രകാശം ഉള്ള ദിവസങ്ങളിൽ രാവിലേ കാണുന്ന നിറമാകില്ല വൈകിട്ട് കാണുമ്പൊൾ. ചിലപ്പോൾ മഴവിൽ മരത്തിൽ വിരിഞ്ഞ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു.

വിദേശ രാജ്യങ്ങളിൽ പേപ്പർ ഉണ്ടാക്കുവാനും, അലങ്കാര മരങ്ങളായി പാർക്കിലും മറ്റും ഇവയെ ഉപയോഗിച്ചു വരുന്നു. ബ്രിട്ടൻ, കാലിഫോർണിയ, ടെക്‌സാസ്, ഹവായ്, ഫ്ലോറിഡ എന്നീ സ്ഥലങ്ങളിലെ ഉഷ്ണമേഖല വനങ്ങളിലാണ് റെയിൻബോ യൂക്കാലിപ്റ്റസ് കണ്ടുവരുന്നത് .

കേരളത്തിൽ കാണുന്ന രണ്ട് മരങ്ങളുടെയും വിത്തുകൾ കൊണ്ടുവന്നത് ബ്രസീൽ നിന്നാണ്. 25 വർഷങ്ങൾക്ക് മുൻപ് വനം വകുപ്പാണ് ബ്രിസീലിൽ നിന്നും വിത്തുകൾ ഇറക്കുമതി ചെയ്ത് , തൈകൾ വച്ചുപിടിപ്പിച്ചത്. വയനാട്ടിൽ നട്ടിരുന്നെങ്കിലും തൈ നശിച്ചുപോകുകയായിരുന്നു. അതീവ ശ്രദ്ധയോടെ പരിപാലിച്ചുകൊണ്ടുവന്ന മരങ്ങൾ ആണ് ഇന്ന് പീച്ചിയിലും കോട്ടപ്പടിയിലും കാണപ്പെടുന്നത്. കോട്ടപ്പാറ വനത്തിനുള്ളിൽ വളരുന്ന മരം കാണുവാൻ ആളുകൾ വരുന്നുണ്ടെങ്കിലും കാട്ടാനകളുടെ സാന്നിധ്യമുള്ളതുമൂലം വനം വകുപ്പ് സന്ദർശകർക്ക് പരിമിതമായി മാത്രമേ പ്രവേശനം അനുവദിക്കാറുള്ളു. മരത്തിൽ സന്ദർശകർ അവരുടെ കരവിരുത് പ്രകടിപ്പിച്ചു മരത്തിന്റെ ഭംഗി നശിപ്പിക്കുകകൂടി ചെയ്തതുമൂലമാണ് വനം വകുപ്പ് കർശന നിലപാട് കൈകൊണ്ടത്. ബ്രസീലിൽ നിന്നും കൊണ്ടുവന്ന വിദേശിയെ , വനം വകുപ്പിന്റെ കോട്ടപ്പാറ ക്ലോണൽ പ്രൊപഗേഷൻ വിഭാഗം വളർത്തി വലുതാക്കുകയാണുണ്ടായത് . കോട്ടപ്പടിക്കാരുടെ സ്വകാര്യ അഹങ്കാരമായ ഈ സുന്ദരിയെ ആരുടെയും കരലാളനകൾ ഏൽക്കാതെ സംരക്ഷിക്കണം എന്ന ആവശ്യമാണ് ഉയർന്നുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...