ഓര്‍മ്മകളിലൂടെ ഒരു തീര്‍ത്ഥയാത്ര; കോതമംഗലത്തെ പ്രമുഖ പത്ര ലേഖകൻ പി.സി.പ്രകാശിന്റെ ജീവിതാനുഭവം ചർച്ചയാകുന്നു.

  • മനോജ് ഗോപി കോതമംഗലം

കോതമംഗലം : ഓര്‍മ്മകളിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന തലക്കെട്ടോടെ കോതമംഗലത്തെ പ്രമുഖ പത്രപ്രർത്തകൻ ഫേസ്ബുക്കിൽ കോറിയിട്ട വരികൾ പലരേയും പഴയകാല പത്രപ്രവർത്തനത്തിന്റെ കയ്‌പ്പേറിയ ജീവിത അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. പുതിയതായി ഈ മേഖലയിലേക്ക് കടന്നുവരുന്നർ വായിച്ചിരിക്കേണ്ടതുമാണ്. പി.സി.പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് ;- വാക്കുകള്‍ വാര്‍ത്തകളുടെ രൂപത്തില്‍ കൂട്ടിച്ചേര്‍ത്ത് എഴുതിത്തുടങ്ങിയിട്ട് ഈ ഡിസംമ്പര്‍ പൂര്‍ത്തിയാമ്പോള്‍ 3 പതിറ്റാണ്ട് പിന്നിടുന്നു. കൃത്യമായ തീയതി ഓര്‍മ്മയില്ലങ്കിലും 1988 ഡിസംമ്പര്‍ അവസാനവാരമാണ് വാര്‍ത്തഎഴുത്ത് തൊഴിലായി സ്വീകരിച്ചത്.ഇത് വലിയ അത്ഭുതമൊന്നുമല്ലെങ്കിലും പിന്നിട്ട നാള്‍വഴികളില്‍ അനുഭവിച്ച യാതനകളും കഷ്ടപ്പാടുകളും ഇന്നും മനസ്സിലൊരുകനലായി ജ്വലിച്ചുനില്‍ക്കുന്നു.വിശപ്പും ദാഹവും സഹിച്ച്, ബസ്സുകൂലി പോലും കൈയ്യിലില്ലാതെ,നടന്ന് തളര്‍ന്ന് വാര്‍ത്തകള്‍ സംഘടിപ്പിച്ച ഭൂതകാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് അഭിമാനം തോന്നുന്നു.
അച്ഛന്‍ നടത്തിവന്നിരുന്ന പത്ര ഏജന്‍സിയില്‍ സാഹായിയായി നിന്നിരുന്നതിനാല്‍ ആഴ്ചയില്‍ ചെറിയൊരുതുക ലഭിച്ചിരുന്നു.ഇതായിരുന്നു അക്കാലത്തെ എന്റെ ഏക വരുമാനം.കഷ്ടി കോതമംഗലം വരെ പോയി തിരിച്ചെത്താനുള്ള വണ്ടിക്കൂലിയുമായിട്ടായിരുന്നു ഈ കാലഘട്ടത്തില്‍ മിക്ക ദിവസങ്ങളിലും വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്.
കോതമംഗലത്തെത്തുമ്പോഴായിരിക്കും ദൂരെ എവിയെങ്കിലും അപകടമോ അത്യാഹിതമോ നടന്നതായി അറിയുന്നത്.പിന്നെ അവിടെ എത്താനുള്ള വണ്ടിക്കൂലിയ്ക്കായി സുഹൃത്തുകളുടെ സഹായം തേടും.ചിലപ്പോഴൊക്കെ ഈ ശ്രമം പരാജയപ്പെട്ടിട്ടുമുണ്ട്.അന്ന് അനുഭവിച്ച മനോവിഷമം എത്രമാത്രമെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.

വാര്‍ത്തക്കായി എന്തുബുദ്ധിമുട്ടും സഹിയ്ക്കാന്‍ തയ്യാറായ ഒരുകാലമായിരുന്നു അത്്.വിശപ്പും ദാഹവും സഹിച്ച് നടന്ന ദിസങ്ങള്‍ ഏറെയാണ്.വീട്ടിലേക്ക് തിരിച്ചെത്താന്‍ പണമില്ലങ്കില്‍ രാത്രി സ്വാമിയുടെ പെട്രള്‍പമ്പില്‍ പോയി നില്‍ക്കും.പരിചയക്കാരുടെ വാഹനം ഇന്ധനം നിറയ്ക്കാനെത്തിയാല്‍ കയറിപോകുകയാണ് ലക്ഷ്യം.രാത്രി വളരെ െൈവികിയിട്ടും ഈ വഴിയിക്കുള്ള ശ്രമം പരാജയപ്പെടുമ്പോള്‍ രണ്ടും കല്‍പ്പിച്ച് നടപ്പ് തുടങ്ങും.എട്ടുകിലോമീറ്റര്‍ പിന്നിട്ട് വീട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ നേരം പുലരാറായിട്ടുണ്ടാവും.
ഒരിക്കില്‍ ഇടമലയാറിലേക്ക് ഒരുവാര്‍ത്തയുടെ ആവശ്യത്തിനായി പോകണം.നയാപൈസ കൈയ്യിലില്ല.സുഹൃത്തുകളെ തിരഞ്ഞ് നടന്ന് മടുത്തു.അന്ന് അമ്മ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയാണ്.അമ്മയുടെ കട്ടിലിനരികെ എത്തി മടിച്ച് മടിച്ച് വിവരം അവതരിപ്പിച്ചു.അമ്മ ഉടന്‍ തലയിണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സില്‍ നിന്നും 50 -രൂപ എടുത്ത് എന്റെ നേരെ നീട്ടി.മരുന്നുവാങ്ങിക്കാനുള്ള പൈസ്സയാ, തിരിച്ചുതരണമെന്നും കൂടെ ഒരു മുന്നറിയിപ്പും.
ഞാന്‍ അതും വാങ്ങി ഉടന്‍ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.അന്ന് ഇക്കാര്യത്തില്‍ സങ്കടമൊന്നും തോന്നിയില്ല.കാരണം മറ്റെന്തിനേക്കാളും വാര്‍ത്തകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന മനസ്സായിരുന്നു അന്നുണ്ടായിരുന്നത്.അമ്മ നല്‍കിയ 50 രൂപ ആശുപത്രിയില്‍ നിന്നും മടങ്ങും വരെ തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് വേറെ കാര്യം.
സ്വന്തം ലേഖകന്‍ എന്നപ്പുറം വാര്‍ത്തയ്‌ക്കൊപ്പം ഒരു ബഹുമതിയും പത്രസ്ഥാപനം അനുവദിച്ച് നല്‍കാതിരിന്ന കാലാത്തായിരുന്നു ഈ ദുരിതം സഹിച്ച് അന്ന് വാര്‍ത്തകള്‍ ചെയ്തിരുന്നത്.വര്‍ഷങ്ങളോളം ചിലവ് കാശുപോലും ലഭിച്ചിരുന്നില്ല.വാക്കുകളാല്‍ ഇന്നും വിവരിയ്ക്കാന്‍ കഴിയാത്ത എന്തോ ഒന്ന് ..അതായിരുന്നു ഈ വഴിയ്ക്കുള്ള എന്റെ പ്രവര്‍ത്തനത്തിനുള്ള പ്രചോദനം.

കോതമംഗലം മുന്‍സിപ്പല്‍ ബസ്സസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തില്‍ നെല്ലിമറ്റം സ്വദേശി ആന്റണിച്ചേട്ടന്‍ നടത്തിയിരുന്ന ലോഡ്ജായിരുന്നു അന്നത്തെ തട്ടകം.എന്നേ ബന്ധപ്പെടാന്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്നത് ഇവിടുത്തെ ലാന്റ് ഫോണ്‍ നമ്പറായിരുന്നു.
കാല്‍ നൂറ്റാണ്ട് മുമ്പ് ഇത്തൊട്ടിയില്‍ കള്ളത്തടിവെട്ടിന്റെ വാര്‍ത്തയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ സെനിത്ത് രാജുവിനൊപ്പം പോയപ്പോള്‍ കടത്തുകാരന്റെ മിടുക്കിലാണ് ജീവന്‍ രക്ഷപെട്ടത്.മരം അറുക്കുന്ന ദൃശ്യം കാമറയിലാക്കാന്‍ രാജുചേട്ടന്‍ മരംവെട്ടുകാര്‍ക്ക് അടുത്തേക്ക് ചെന്നതോടെ വാക്കത്തിയും കോടാലിയുമായി കുറച്ചുപേര്‍ ഞങ്ങള്‍ക്കുനേരെ കൊലവിളിയുമായി പാഞ്ഞടുക്കുകയായിരുന്നു.
ഇതുകണ്ട് ഞങ്ങള്‍ കഴിയാവുന്നത്ര വേഗത്തില്‍ ഓടി.ഏകദേശം 200 മീറ്ററോളം അകലെയായിരുന്നു ഞങ്ങള്‍ ഇവിടെയ്‌ക്കെത്തിയ വള്ളമുണ്ടായിരുന്നത്.വള്ളമെടുക്കെടാ… എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അവിടം മുതല്‍ രാജുചേട്ടന്‍ ഓടിയിരുന്നത്.എന്തായാലും ഞങ്ങള്‍ തീരത്തെത്തുമ്പോഴേയ്ക്കും കടത്തുകാരന്‍ വള്ളം പുറപ്പെടാന്‍ പാകത്തില്‍ ഒരുക്കിയിരുന്നു.എങ്ങിനെയൊക്കെയൊ ഞങ്ങള്‍ കയറിപ്പറ്റി.ഞൊടിയിടയില്‍ വള്ളം തീരം വിട്ടു.മറുകരെ എത്തും വരെ ശരീരത്തിന്റെ വിറയില്‍ വിട്ടുമാറിയിരുന്നില്ല.മരം വെട്ടുകാര്‍ വള്ളത്തിന് പിന്നാലെ നീന്തിയെത്തിയേക്കാമെന്ന ഭീതിയായിരുന്നു ഇതിന് കാരണം.
മരണത്തെ മുന്നില്‍ക്കണ്ടതും ഇഞ്ചത്തൊട്ടിയില്‍വച്ച് തന്നെ.കാട്ടാന ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടാണ് പത്രക്കാര്‍ ഇവിടേയ്ക്ക് എത്തുന്നത്.ഈ സമയം നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ആനയെ ഉള്‍ക്കാട്ടിലേക്ക് വിടാന്‍ തോട്ടപൊട്ടിച്ചും പാട്ടകൊട്ടിയും ശ്രമം നടത്തിവരികയായിരുന്നു.ഇതിനിടയില്‍ അപ്രതീക്ഷിതമായി ആന ഞങ്ങള്‍ നിന്നിരുന്ന ഭാഗത്തേയ്ക്ക് ചിഹ്നം വിളിയുമായെത്തി.മാറിക്കോ എന്ന് ആരോ വിളിച്ചുപറയുന്നതും കേട്ടു.
പിന്നെ സര്‍വ്വശക്തിയുമെടുത്ത് സമീപത്തെ പാറപ്പുറത്തേക്ക് ഓടി.ആനതൊട്ടു തൊട്ടില്ല എന്നമട്ടില്‍ പിന്നാലെ.വനമേഖലവിട്ട് പാറയിക്ക് മുകളില്‍ ഒരുവിധത്തില്‍ വലിഞ്ഞുകേറി.തിരിഞ്ഞുനോക്കുമ്പോള്‍ മീറ്ററുകള്‍ മാത്രം അകലെ കാടിളക്കി വന്ന ആന നിലയുറപ്പിച്ചിരിയ്ക്കുന്നു.ഉടന്‍ ഈ ഭാഗത്തേക്ക് തോട്ടയെറിഞ്ഞ് നാട്ടുകാര്‍ ആനയെ അകറ്റി.പിന്നാലെ പാറപ്പുറത്തുനിന്നും ഇറങ്ങി തിരിച്ചുപോന്നു.
1988-90 കാലഘട്ടത്തില്‍ വാര്‍ത്ത ശേഖരണം ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.ലാന്റ്‌ഫോണ്‍ മാത്രമായിരുന്നു അന്ന് ഈരംഗത്ത് നിലവിലുണ്ടായിരുന്ന ആധുനീക സംവിധാനം.10-15 കിലോമീറ്ററിനുള്ളില്‍ സംഭവിയ്ക്കുന്ന കാര്യങ്ങള്‍ പുറത്തറിയുന്നത് ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞായിക്കും.അക്കാലത്ത് രാത്രി 9 നും 10 നുമെല്ലാം കോതമംഗലത്തുനിന്നും എറണാകുളത്തേക്ക് ബസ്സ് കയറി അവിടെയെത്തി വാര്‍ത്ത എഡിറ്റോറിയലില്‍ എല്‍പ്പിച്ച് ,അത് പ്രസിദ്ധീകരിച്ച പത്രവുമായി പത്രവിതരണ വണ്ടിയില്‍ നാട്ടിലെത്തിയ ദിവസങ്ങള്‍ ഇന്നും ഓര്‍മ്മയിലുണ്ട്. അത് കഷ്ടപ്പാടുകളുടെ കാലം.ഇന്ന് സ്ഥിതി മാറി.അത്യവശ്യം കൊള്ളാവുന്ന ഒരു മൊബൈല്‍ കൈവശമുണ്ടെങ്കില്‍ എവിയെയായരുന്നാലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം ജോലി ഭംഗിയായി പൂര്‍ത്തിയാക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.ഇനിയും ഈ രംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ടാവും. ഉറപ്പാണ്.

കാലത്തിന്റെ കുത്തൊഴുക്കിലും ഓലിച്ചുപോകാതെ ഓരം ചാരി ഈ രംഗത്ത്് ഇത്രയും കാലം നിലനില്‍ക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഈ രംഗത്ത് കാലുറപ്പിച്ച് നില്‍ക്കാന്‍ എന്നേ സഹായിച്ച ഒരുപാട് പേരുണ്ട്.പൊതുസൂഹത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഇക്കൂട്ടരോടുള്ള നന്ദിയും കടപ്പാടും ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു.നന്ദി …നന്ദി…..പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി.
ഞാന്‍ ആദ്യമായി പത്രം ഓഫീസ് കാണുമ്പോള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് വാര്‍ത്തകള്‍ അയക്കുന്ന ഏറ്റവും മുന്തിയ സംവിധാനം ടെലി പ്രന്ററുകളായിരുന്നു.ഭാഷ മംഗ്ലീഷും.മലയാളം ഇംഗ്ലീഷില്‍ അടിച്ചുവിടുന്നു എന്ന് സാരം.താമസിയാതെ എല്ലാ ഓഫീസുകളിലും ഫാക്സും കമ്പ്യൂട്ടറുകളുമെല്ലാമെത്തി.പിന്നാലെ മറ്റ് നിരവധി സൗകര്യങ്ങളും.
നാലക്ഷരം കൂട്ടിയെഴുതാനറിയാവുന്നവരെയെല്ലാം മനസ്സില്‍ ഗുരുസ്ഥാനത്ത് കണ്ടായിരുന്നു എന്റെ തുടക്കം.ദൈവകൃപയാല്‍ എന്റെ എഴുത്ത് മോശമായി എന്നത് കൊണ്ട് ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തിന്റെ മേലധികാരികളില്‍ നിന്നും എനിക്ക് ഇന്ന് വരെ ചീത്ത കേള്‍ക്കേണ്ടിവന്നിട്ടില്ല.അതും ദൈവകൃപയാണെന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്.
കാസീം ഇരിക്കൂര്‍,പി എ അബ്ദുള്‍ ഗഫൂര്‍,അബ്ദുള്ള മട്ടാഞ്ചേരി, മണ്‍മറഞ്ഞ കെ ഡി ദയാല്‍, ടി കെ സുനില്‍,ലെനിന്‍ ,എം എസ് സജീവന്‍,എസ് ജഗദീഷ് ബാബു,രാജുമാത്യൂ…. തുടങ്ങി ഒരുപിടി മികച്ച പത്രപ്രവര്‍ത്തകരുടെ മാര്‍ഗ്ഗ-നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്ത് എനിക്ക് താങ്ങും തണലുമായിട്ടുണ്ടെന്നുള്ളതും നന്ദിയോടെ സ്മരിക്കുന്നു.

ഫോട്ടോഗ്രാഫിയോടായിരുന്നു പഠനകാലം കഴിഞ്ഞപ്പോള്‍ കമ്പം തോന്നിയത്.എന്റെ നാട്ടിലെ എംബയര്‍ ജോസേട്ടന്റെ കൂടെക്കൂടി ഈ രംഗത്തെ പ്രാഥമീക വിദ്യാഭ്യസം പൂര്‍ത്തിയാക്കി.കാമറ കൈയ്യില്‍പ്പിടിച്ച് കൊതി മാറിയത് പ്രമുഖ പക്ഷി ശാസ്ത്രജ്ഞന്‍ ഡോ.ആര്‍ സുഗതന്റെ കാരുണ്യം കൊണ്ടാണ്.അദ്ദേഹം എന്നേ വിശ്വസിച്ചേല്‍പ്പിച്ച പെന്റാക്സ് കാമറയില്‍ ഞാന്‍ എടുത്ത ഒരുപാട് ചിത്രങ്ങള്‍ പ്രമുഖ പത്രങ്ങളുടെ മുന്‍പേജുകളില്‍ ഉള്‍പ്പെടെ ഇടം പിടിച്ചിട്ടുണ്ട്.പില്‍ക്കാലത്ത് ഫോട്ടോഗ്രാഫര്‍ വേഷം എനിക്ക് അല്ലറ ചില്ലറ സാമ്പത്തീക നേട്ട മുണ്ടാക്കിയെന്നതും നേരാണ്.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് അവിചാരിതമായി ഉണ്ടായ കൂടിക്കാഴ്ചയില്‍ പ്രമുഖ പത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍മാര്‍ ആയിരുന്ന ആര്‍ എസ് അയ്യര്‍ ,സി കെ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കുവച്ച വിവരങ്ങള്‍ ഈ രംഗത്ത് മുതല്‍ക്കൂട്ടായി.
ഇപ്പോള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലെ കോണ്‍ട്രക്റ്റ് റിപ്പോര്‍ട്ടറായിട്ടാണ് സേവനം അനുഷ്ടിച്ചുവരുന്നത്.ഈ രംഗത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് ഇപ്പോള്‍ നാലാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്.ഈ രംഗത്ത് ചുവടുറപ്പിച്ചതോടെയാണ് വാര്‍ത്തകള്‍ എഴുതുന്നതുവഴി ജീവിക്കാന്‍ പാകത്തില്‍ ഒരു തുക കിട്ടിത്തുടങ്ങിയത്.ഇക്കാര്യത്തില്‍ മറുനാടന്‍ മലയാളിയോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.മക്കള്‍ പ്രായമായി.ആവശ്യത്തിന് വിദ്യാഭ്യാസം നല്‍കി,അവരുടെ കാര്യം കൂടി സുരക്ഷിതമാക്കണം.അത് ഇപ്പോഴത്തെ ചിന്ത.നാളെ എന്താവുമോ എന്തോ .കണ്ടറിയണം.എന്നേ അറിയുന്ന,എനിക്കുവേണ്ടി അകമഴിഞ്ഞ് സഹായ-സഹകരണങ്ങള്‍ നല്‍കിയ ഓരോരുത്തര്‍ക്കും ശുഭ ദിനം നേരുന്നു.നാളെയും നിങ്ങളോരുത്തരുടെയും മനസ്സും സഹകരണവും കൂടെ ഉണ്ടാകുമെന്ന പ്രതിക്ഷയോടെ , പ്രകാശ് ചേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നു.

പ്രകാശ് ചേട്ടൻ പകർന്ന വെളിച്ചം കെടാതെ കൈമുതലായി പത്രപ്രർത്തന രംഗത്ത് സജീവമായി നിൽക്കുകയും , മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന നിരവധി ശിശ്യന്മാരും അദ്ദേഹത്തിന്റെ മുതൽക്കൂട്ടാണ്. പതിനാല് വർഷം മുൻപ് മനോജ് ഗോപി എന്ന എന്നെ റിപ്പോർട്ടർ ആക്കിയ പ്രകാശേട്ടന്റെ ശിഷ്യൻ എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു, അഹങ്കരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് സ്കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്ത് മറ്റൊരു റിപ്പോർട്ടർക്ക് വേണ്ടി കവർ അയക്കാൻ പോയ ഞാൻ ഒറ്റ രാത്രി കൊണ്ട് എന്നെ റിപ്പോർട്ടർ ആക്കി മാറ്റിയതും ആദ്യമായി പേന തന്നതും വരികൾ പറഞ്ഞ് തന്നതും ഞാൻ ഇന്നും ഓർക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...