ചേരാനല്ലൂർ ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 56 ലക്ഷം രൂപയുടെ പദ്ധതി : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

പെരുമ്പാവൂർ : ചേരാനല്ലൂർ ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 56 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക വിനിയോഗിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്.

2129 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഭാവിയിൽ മറ്റു രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിനുള്ള അടിത്തറയോടു കൂടിയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. റിസപ്‌ഷൻ, 3 ഔട്ട് പെഷ്യന്റ് റൂമുകൾ, ആയുർവേദ ലാബ്, നേഴ്‌സുമാരുടെ റൂം, ഫാർമസി, വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ എന്നിവ കൂടാതെ ഭാവിയിൽ മറ്റു നിലകൾ നിർമ്മിക്കുമ്പോൾ ലിഫ്റ്റ് ഉപയോഗത്തിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

65 വർഷം പിന്നിട്ട ആശുപത്രിക്കായി പഞ്ചായത്ത് 1997 ൽ സ്വന്തമായി സ്ഥലം വാങ്ങിയിരുന്നു. ദിനം പ്രതി ഇരുനൂറ്റിയൻപതോളം രോഗികൾ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. മങ്കുഴി, തൊട്ടുവ, ഇടവൂർ പ്രദേശങ്ങളിലെ ഏറെയും ജനങ്ങൾ ആയുർവേദ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഇവിടെയാണ്. ഒരു ഡോക്ടർ ഉൾപ്പെടെ 6 സ്റ്റാഫുകളാണ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നത്. കൂവപ്പടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചേരാനല്ലൂർ ഗവ. ആയുർവേദ ആശുപത്രിയെ വയോജനങ്ങളാണ് കൂടുതലും ആശ്രയിക്കുന്നത്.

മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...