രണ്ട് കോടിയുടെ പാലം പണി കഴിഞ്ഞിട്ട് രണ്ട് വർഷം; രണ്ട് ലക്ഷത്തിന് തീരുന്ന അനുബന്ധ റോഡ് ത്രിശങ്കുവിൽ

കോതമംഗലം: രണ്ട് കോടി രൂപ മുതൽ മുടക്കിൽ പാലം നിർമ്മിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. രണ്ട് ലക്ഷത്തോളം രൂപയ്ക്ക് പൂർത്തിയാക്കാൻ കഴിയുന്ന അനുബന്ധ റോഡ് നിർമ്മാണം ഇപ്പോഴും തൃശങ്കുവിൽ. യാത്ര ദുരിതം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ. ഊന്നുകൽ-തൊടുപുഴ സംസ്ഥാനപാതയിലെ യാത്ര ദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആവശ്യം. രണ്ട് കോടി രൂപ മുതൽ മുടക്കിൽ ഊന്നുകല്ലിന് സമീപം വള്ളക്കടവിൽ പരീക്കണ്ണി പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. എന്നാൽ കഷ്ടി നൂറുമീറ്ററോളം വരുന്ന അനുബന്ധ റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.പാലം വഴിയുള്ള വാഹനയാത്ര ദുഷ്‌കരമാണ് . ഇരുചക്ര വാഹനയാത്രക്കാർ പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. പാറക്കഷങ്ങൾക്കു മുകളിലൂടെ കയറി ഇറങ്ങിയും കുഴികളിൽച്ചാടിയുമെല്ലാമാണ് വലിയ വാഹനങ്ങൾ പാലം കടക്കുന്നത്. പാലം നിലവിൽ വന്നതോടെ ഇവിടെ നിന്നും തൊടുപുഴയ്ക്കുള്ള ദൂരത്തിൽ രണ്ട് കിലോ മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. പല്ലാരിമംഗലം പഞ്ചായത്തിന്റെ 5-ാം വാർഡിനെയും കവങ്ങാട് പഞ്ചായത്തിന്റെ 16-ാം വാർഡിനെയും തമ്മിൽബന്ധിപ്പിക്കുന്ന പാലം പൂർണ്ണതോതിൽ ഗതാഗതാമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കി ,യാത്ര സുരക്ഷിതമാക്കണമെന്നും എം എൽ എ ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...