നേര്യമംഗലം പാലത്തിന് ഇരുവശവും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു

കോതമംഗലം:- സ്വദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളടക്കം ആയിരക്കണക്കിന് ആളുകളും,നൂറ് കണക്കിന് വാഹനങ്ങളും കടന്നു പോകുന്ന ആലുവ- മൂന്നാർ റോഡിലെ നേര്യമംഗലം പാലത്തിന് ഇരുവശവും സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.നേര്യമംഗലം പാലത്തിൽ വച്ച് കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഉലഹന്നാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,ബ്ലോക്ക് മെമ്പർ സെലിൻ ജോൺ, വാർഡ് മെമ്പർമാരായ അനീഷ് മോഹനൻ, എബിമോൻ, സി പി ഐ(എം)കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സി പി ഐ(എം)നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, സി പി ഐ ലോക്കൽ സെക്രട്ടറി പി റ്റി ബെന്നി, കവളങ്ങാട് ബാങ്ക് പ്രസിഡന്റ് കെബി മുഹമ്മദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (NH) സൗമ്യ എൻ ഐ, അസിസ്റ്റന്റ് എഞ്ചിനീയർ(NH) ബിനി എം ജോർജ്, ഓവർസിയർ(NH) സജികുമാർ കെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ മൂന്നാറിലേക്ക് ദിവസേന നൂറ് കണക്കിന് വാഹനങ്ങളും,ആയിരക്കണക്കിന് ആളുകളുമാണ് യാത്ര ചെയ്യുന്നത്. ഈ റൂട്ടിലെ നേര്യമംഗലം പാലത്തിൽ ഗതാഗത സ്തംഭനം പതിവായിരുന്നു. ഇവിടുത്തെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതെന്നും ഇത് സ്വദേശ-വിദേശ ടൂറിസ്റ്റുകൾക്ക് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കുവാൻ സഹായകരമാകുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു. കോതമംഗലം ടൗണിലെ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം മുൻപ് പി ഒ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നതായും എംഎൽഎ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...