വെള്ളൂര്‍കുന്നം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 21ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിക്കും.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആദ്യസ്മാര്‍ട്ട് വില്ലേജ് ഓഫീസായ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസ് ഈമാസം 21ന് വൈകിട്ട് മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിലവില്‍ മൂവാറ്റുപുഴ നഗരസഭയുടെ നെഹ്രുപാര്‍ക്കിലെ പ്രസ്സ് ക്ലബ്ബ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫീസിനോട് ചേര്‍ന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ 10-സെന്റ് സ്ഥലത്താണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പില്‍ നിന്നും 40-ലക്ഷം രൂപയും, എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 19.65-ലക്ഷം രൂപയും അടക്കം 59.65-ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ വെള്ളൂര്‍കുന്നം, പായിപ്ര പഞ്ചായത്തിലെ മുളവൂര്‍, പോത്താനിക്കാട് വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തുന്നത്. ഇതില്‍ ആദ്യം നിര്‍മ്മാണം പൂര്‍ത്തിയായി സ്മാര്‍ട്ട് വില്ലേജ് ഓഫീസായി വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസ് മാറി. ഇതില്‍ പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. നിലവിലെ വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ മന്ദിരം നിര്‍മിക്കുന്നത്. രണ്ട് വില്ലേജ് ഓഫീസുകളുടെയും നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്.

വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നതോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ‘ഫ്രണ്ട് ഓഫീസ്’ സംവിധാനവും, ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെ ആകര്‍ഷകമാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...