ചരക്ക് വാഹനങ്ങളിലെ ഭീമൻ ; ഇടുക്കി അണക്കെട്ടിലേക്ക് യന്ത്രസാമഗ്രികൾ കൊണ്ടുവന്ന നായകൻ , ഇപ്പോൾ കോതമംഗലത്തിന്റെ സ്വന്തം

  • സാവിയോ ജോസഫ് ആഞ്ഞിലിക്കുഴിയിൽ

കോതമംഗലം : ‘ മാക്ക് ‘ എന്ന് പറഞ്ഞാൽ ന്യൂ ജെനറേഷൻ വാഹനപ്രേമികൾക്ക് പെട്ടന്ന് പിടികിട്ടി എന്ന് വരില്ല. ചരിത്രം സൃഷ്ഠിക്കുവാൻ കൂട്ടുനിന്നവരാണ് ഈ മാക്ക് ലോറികൾ. വെറും ലോറികൾ എന്ന് പറഞ്ഞാൽ പോരാ ഭീമൻ ടൈലർ ലോറികൾ. ഇടമലയാർ , ഇടുക്കി അണക്കെട്ടുകളുടെ പണികൾ നടക്കുമ്പോൾ വൻ യന്ത്ര സാമഗ്രഹികളും, സിമെന്റ് ചാക്കുകളും കൊണ്ടുവന്നിരുന്ന ഭീമൻ ലോറിയാണ് ഇപ്പോൾ കോതമംഗലം മരിയ ഇന്റർനാഷണൽ ഹോട്ടലിന്റെ മുഖ്യ ആകർഷണമായി മാറിയിരിക്കുന്നത്. ചരക്കു വാഹനങ്ങളിലെ അതികായൻ എന്ന് വിശേഷിപ്പിക്കാവുന്ന മാക്ക് , ട്രെയിലർ അടക്കം 26 ചക്രങ്ങളുള്ള ലോറി ആയിരുന്നു. ഭാരമേറിയ യന്ത്രസാമഗ്രികൾ കയറ്റിക്കൊണ്ടു റോഡിലൂടെ കടന്ന് പോയത് പഴമക്കാരുടെ മനസ്സിൽ ഇപ്പോളും മായാതെ നിലനിൽക്കുന്നു.

അമേരിക്കൻ കമ്പനിയായ മാക്ക് നിർമിച്ച , ഇപ്പോൾ കോതമംഗലം നിവാസി സ്വന്തമാക്കിയ ഈ ട്രക്ക് 1957 മോഡലാണ്, പുതിയ ചരക്കു വാഹനങ്ങളുടെ കടന്നുവരവോടെയാണു പഴയ മാക്ക് വൈദ്യുത ബോർഡ് ലേലത്തിൽ വിൽക്കുകയായിരുന്നു. ബ്രഹ്മപുരം പദ്ധതി പ്രദേശത്തു സൂക്ഷിച്ചിരുന്ന മാക്ക് ഇവിഎം ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണറും കോതമംഗലം മരിയ ഇന്റർനാഷനൽ ഹോട്ടലിന്റെ മാനേജിങ് ഡയറക്ടറുമായ ജോസ് മാത്യുവാണു കഴിഞ്ഞ വർഷം ലേലത്തിൽ പിടിച്ചത്. ലക്ഷങ്ങളുടെ അറ്റകുറ്റപ്പണി നടത്തി പുത്തൻ പെയിന്റ് അടിച്ചു കുട്ടപ്പനാക്കി പുത്തൻ താര പരിവേഷം നൽകിയാണ് മരിയ ഹോട്ടലിൽ എത്തിച്ചത്. സ്ഥല സൗകര്യം കണക്കിലെടുത്തു മാക്കിന്റെ ട്രെയിലർ ഒഴിവാക്കി പത്തു വീലുള്ള വാഹനത്തിന്റെ എൻജിൻ ഭാഗവും , ട്രൈലെർ പിടിപ്പിക്കുന്ന ഭാഗവുമാണ് ഹോട്ടലിന്റെ പോർച്ചിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...