പഞ്ചായത്ത് കമ്മറ്റിയിൽ നിരീക്ഷകരായി ജനസംരക്ഷണ സമിതി പ്രവർത്തകർ: കല്ലേലിമേട് വൈദ്യുതീകരണത്തിന് ആവശ്യമായ എല്ലാ പേപ്പറുകളും നൽകുമെന്ന് കമ്മറ്റി തീരുമാനം

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലേലിമേട് പ്രദേശത്തെ വൈദ്യുതീകരണത്തിന് ഗ്രാമപഞ്ചായത്ത് ആവശ്യമായ എല്ലാ പേപ്പറുകളും നൽകുമെന്ന് കമ്മിറ്റി തീരുമാനം. കല്ലേലി മേട് ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ പിൻ വാതിലിലൂടെ ശ്രമം നടത്തുന്നതിനിടെ പഞ്ചായത്ത് മെമ്പർ കാന്തി വെള്ളക്കയ്യൻ സോളാർ വൈദ്യുതി വേണ്ട എന്നും അടിസ്ഥാനസൗകര്യങ്ങളിൽ ഒന്നായ വൈദ്യുതി എത്തിക്കുവാൻ ഗ്രാമപഞ്ചായത്ത് നേരിട്ട് ഇടപെടണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ആദിവാസി കുടിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ പാനലുകൾ ഇതിനകം പ്രവർത്തനരഹിതമായിരുന്നു .അതിനിടെ വൈദ്യുതീകരണത്തിന് തടസ്സം പറഞ്ഞു മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഊർജ്ജ വകുപ്പ് സെക്രട്ടറിയുടെ കത്ത് പഞ്ചായത്ത് മെമ്പർ കാന്തി വെള്ള കയ്യന് ലഭിക്കുകയും ചെയ്തിരുന്നു .

ഈ വിഷയം ഇന്ന് കമ്മറ്റിയുടെ അജണ്ടയിലുണ്ട് എന്നറിഞ്ഞ ജനസംരക്ഷണസമിതി പ്രവർത്തകർ പഞ്ചായത്ത് കമ്മിറ്റിയിൽ നിരീക്ഷകരായി ഇരിക്കുവാനുള്ള അപേക്ഷ സമർപ്പിക്കുകയായിരുന്നു. മൂന്നു വാർഡുകളിൽ നിന്നായി ആറ് പേർ നിരീക്ഷകരായി കമ്മിറ്റിയിൽ ഇരുന്നു. അതുകൊണ്ടുതന്നെ സോളാർ വഴിയുള്ള വൈദ്യുതീകരണം വേണമെന്ന് നിർബന്ധം പിടിക്കാൻ പഞ്ചായത്ത് കമ്മിറ്റിക്ക് കഴിഞ്ഞില്ല. കല്ലേലിമേട് വൈദ്യുതീകരണം അത്യാവശ്യമാണെന്നും അതിന് ആവശ്യമായ എല്ലാ പേപ്പറുകളും പഞ്ചായത്ത് നൽകാൻ തയ്യാറാകുമെന്നും തീരുമാനമായി. ജനസംരക്ഷണസമിതി പ്രവർത്തകരായ സിബി മറ്റത്തിൽ, ജിമ്മി അരീപ്പറമ്പിൽ, ജോർജ്ജ് കുട്ടി കൂനത്താൻ, കുഞ്ഞൂഞ്ഞ് കോലോത്ത്, തങ്കച്ചൻ മൈലേട്ട്, ബെന്നി വെള്ളാരം കുത്തുകുടി എന്നിവരാണ് നിരീക്ഷകരായി പങ്കെടുത്തത്. മുൻപ് ചേർന്ന പല പഞ്ചായത്ത് കമ്മിറ്റികളും സോളാർ സ്ഥാപിക്കണമെന്ന നിലപാടിലായിരുന്നു.

പഞ്ചായത്ത് കമ്മിറ്റി രേഖകൾ സമർപ്പിക്കാൻ തീരുമാനം എടുക്കുന്നില്ലെങ്കിൽ കേടായ സോളാർ പാനലുകളും ആയി സമരം ചെയ്യുമെന്ന് ജനസംരക്ഷണസമിതി മുന്നറിയിപ്പ് നൽകിയിരുന്നു. നിരീക്ഷകരായി ആളുകൾ എത്തിയതോടെ ജനഹിതം അനുസരിച്ചുള്ള തീരുമാനമെടുക്കുവാൻ കമ്മറ്റി നിർബന്ധിതരായി. കുട്ടമ്പുഴ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിരീക്ഷകരായി പൊതുജനങ്ങൾ പങ്കെടുക്കുന്നത്. കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരം പഞ്ചായത്ത് യോഗങ്ങളുടെ വിവരം, പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ട, എന്നിവ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കമ്മിറ്റികളിലും യോഗങ്ങളിലും നിരീക്ഷകരായി പങ്കെടുക്കുവാൻ അവസരമൊരുക്കുകയും ചെയ്യണമെന്ന് ചട്ടം അനുശാസിക്കുന്നുണ്ട്. ജനപ്രതിനിധികളുടെ തൽപര ലക്ഷ്യങ്ങൾ തകർത്തു ജനനന്മയ്ക്ക് ഉപകരിക്കുന്ന തീരുമാനങ്ങൾ എടുപ്പിക്കുവാൻ ഇത്തരം കാര്യങ്ങൾ ഉപകാരപ്പെടും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കമ്മിറ്റിയിൽ നിരീക്ഷകർ ആയിരിക്കുവാൻ തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് വെള്ളക്കടലാസിൽ അപേക്ഷ വച്ചാൽ മതി. കമ്മറ്റിയുടെ സമയത്ത് ഐഡൻറിറ്റി കാർഡ് മായി ഹാജരായി കമ്മിറ്റിയിൽ നിശബ്ദത പാലിച്ച് ഇരിക്കണം എന്നാണ് ചട്ടം കല്ലേലി മേട് വൈദ്യുതി കാരണവുമായി ബന്ധപ്പെട്ട സാധ്യമായ എല്ലാ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനസംരക്ഷണസമിതി പ്രസ്താവനയിലൂടെ അറിയിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*


Loading...