കാൽപന്തുകളിയുടെ ആരവുമായി ഇനി 10 ദിവസങ്ങൾ, ബേസിൽ ട്രോഫി ഫുട്ബോളിന് പന്തുരുണ്ടു, അല്പം ചരിത്രവും.

  • റിജോ കുര്യൻ ചുണ്ടാട്ട്

കോതമംഗലം – കോതമംഗലത്തെ വരുന്ന 10 ദിവസം കാൽപന്തുകളിയുടെ മായിക പ്രപഞ്ചത്തിൽ ആറാടിക്കാൻ ബേസിൽ ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു . ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സെവൻസ് ഫുട്ബോളിലെ രാജാക്കന്മാരായ വിവിധ ടീമുകൾ പങ്കെടുക്കുന്നു . മുംബൈ , ചെന്നൈ , കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നും ടീമുകൾ പങ്കെടുക്കുന്നുണ്ട് . ആദ്യമത്സരം നിലവിലെ ചാമ്പ്യന്മാരും കോതമംഗലം കാരുടെ സ്വകാര്യ അഹങ്കാരവുമായ എം എ കോളേജ് സെവൻസ് ഫുട്ബോളിൽ കളിമികവ് കൊണ്ട് പേരെടുത്ത പ്രതിഭ കന്യാകുമാരിയുമായി ഏറ്റുമുട്ടി .  മലബാർ സെവൻസ് ഫുട്ബാളിൽ ആരാധകരെ വാരിക്കൂട്ടിയിട്ടുള്ള ആശ്രമം പെരുമ്പാവൂർ , നിരവധിയായ ഫുട്ബാൾ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുള്ള കേരള പോലീസ് , സെൻട്രൽ എക്സൈസ് , തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നുണ്ട് . ആകെ 10 ടീമുകൾ ആണ് ഈ വർഷം പങ്കെടുക്കുന്നത് . രാത്രി 8 മണിക്ക് ഫ്ലൂട് ലൈറ്റിൽ , മാർ ബേസിൽ സ്‌കൂൾ മൈതാനത്താണ് മത്സരം നടക്കുന്നത്. മാർ ബേസിൽ സ്റ്റേഡിയത്തിൽ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെന്റിന് നടൻ ഹരിശ്രീ അശോകൻ ആവേശോജ്വലമായ തുടക്കം കുറിച്ചു . ഏലിയാസ് മാർ യൂലിയോസ് പ്രഭാഷണം നടത്തി. ചെറിയപള്ളി വികാരി ഫാ. ബിജു വർക്കി കൊരട്ടിയിൽ അധ്യക്ഷനായിരുന്നു. നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ, സി.ഐ. ബേബി, പി.വി. ഏലിയാസ്, പ്രഫ. പി.ഐ. ബാബു, പ്രഫ.കെ.എം. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ കന്യാകുമാരി പ്രതിഭയും മാർ അത്തനേഷ്യസ് കോളജും തമ്മിലായിരുന്നു ആദ്യ മൽസരം. പ്രതിഭ മത്സരത്തിൽ വിജയിച്ചു.1956 ൽ എറാണാകുളത്തു വെച്ച് നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം കണ്ട് ആവേശഭരിതരായ മാർബേസിൽ സ്‌കൂളിലെ കായിക അധ്യാപകനായിരുന്ന ഐമുറി ഇട്ടൂപ്പ് സാറിന്റെയും സഹാധ്യാപകരുടെയും ഫലമായിട്ടാണ് ബേസിൽ ട്രോഫി എന്ന പേരിൽ ഇന്റർസ്‌കൂൾ ഫുട്ബാൾ ടൂർണമെന്റ് ആരംഭിക്കുന്നത് . എറണാകുളത്തു വെച്ച് നടന്ന ഇന്ത്യ ഇസ്രായേൽ മത്സരവും ബേസിൽ ട്രോഫി ടൂർണമെന്റിന് കാരണമായി . 1957 ആദ്യമായി ബേസിൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ തലത്തിൽമത്സരം സംഘടിപ്പിച്ചു. കന്നി ഇരുപത് തിരുന്നാളിനോട് അനുബന്ധിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത് . ആദ്യകുറെ വര്ഷം നല്ല രീതിയിൽ നടന്നെങ്കിലും പിന്നീട് ടൂർണമെന്റ് നിന്ന് പോയി . അതിനു ശേഷം ഓൾഡ് സ്റുഡന്റ്സിന്റെ നേതൃത്വത്തിൽ കന്നി ഇരുപതാം തിരുനാളിനു മാറ്റ് കൂട്ടുന്നതിനായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത് . ആദ്യകാലത്തു ചാലക്കുടി ഗവണ്മെന്റ് സ്‌കൂളും , ആലുവ സെന്റ് മേരീസ് സ്‌കൂളുമായിരുന്നു ട്രോഫി കൊണ്ടുപോയിരുന്നത് .മൈക്ക് അനൗണ്സ്മെന്റിന്റെ വശ്യത ആദ്യമായി കോതമംഗലം കാർ കേട്ടത് ബേസിൽ ട്രോഫിയിലൂടെ ആയിരുന്നു . അന്നത്തെ കാലത്തേ ഏറ്റവും മികച്ച ഫുട്ബോൾ റഫറി ആയിരുന്ന അഗസ്റ്റിൻ സേവ്യർ ആലുവ യുടെ കളി നിയന്ത്രിക്കുന്നത് കാണാൻ പോലും ആളുകളുടെ തിരക്കായിരുന്നു . പുതിയ മലയാളം, തമിഴ്‌, ഹിന്ദി ഗാനങ്ങൾ മതി വരുവോളം കേൾക്കുന്നതിന് ആളുകൾക്ക് അവസരം ലഭിച്ചിരുന്നത് കോതമംഗലം ബേസിൽ ട്രോഫി ഫുട്ബാൾ മേളയിൽ ആയിരുന്നു .

ബ്രസീലും , ജർമനിയും ഒക്കെ എന്തെന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുന്നേ ഒരു തലമുറയ്ക്ക് ഫുട്ബോൾ എന്ന മാന്ത്രിക കളിയുടെ വശ്യത പകർന്നു നൽകിയ ബേസിൽ ട്രോഫി കോതമംഗലം കാർക്ക് നൊസ്റ്റാൾജിയ ആണ് .അത് ഒരർഥത്തിൽ കോതമംഗലത്തെ ഗതകാല കായിക പ്രൗഢിയുടെ സാക്ഷ്യപത്രം തന്നെയാകുന്നു . കോതമംഗലത്തും പരിസരത്തും ഒരു പുത്തൻ ഫുട്ബാൾ സംസ്കാരം വളർന്നു പന്തലിക്കാൻ ബേസിൽ ട്രോഫിയിലെ ഓരോ പതിപ്പിനും കഴിഞ്ഞിട്ടുണ്ട്. ബേസിൽ ട്രോഫിയെ അനുകരിച്ചു നിരവധി സമീപ പ്രദേശങ്ങളിൽ ഫുട്ബാൾ മത്സരങ്ങൾ നടത്തിയെങ്കിലും ബേസിൽ ട്രോഫിയോളം എത്താൻ അവക്കൊന്നും കഴിഞ്ഞിട്ടില്ല .കോതമംഗലത്തെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരവും, റഫറിയും , ദീർഘകാല പരിശീലകനും ആയ ജെ ജോയി എന്ന കുളപ്പുറം ജോയിച്ചേട്ടന്റെ ഓർമ്മക്കായി എറണാകുളം , കോട്ടയം ,തൃശൂർ ജില്ലകളിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജെ ജോയിമോൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ടൂർണമെന്റ് ഈ വര്ഷം മുതൽ ആരംഭിക്കുകയാണ്. കോതമംഗലത്തിന്റെ ഫുട്ബാൾ പാരമ്പര്യത്തതിനും കാളി ആസ്വാദനത്തിനും ഒരു പുതിയ തലമായി ജെ ജോയിമോൻ മെമ്മോറിയൽ ടൂർണമെന്റും മാറും എന്നതിൽ സംശയമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...