ധൈര്യമായി കമന്റിട്ടോളൂ; കിടിലൻ മറുപടിയുമായി പോലീസ് പിന്നാലെയുണ്ട്; സോഷ്യൽ മീഡിയയിൽ ട്രോൾ പേജുകളെ പിന്നിലാക്കി കേരളാ പോലീസ്.

▪ ഷാനു പൗലോസ്.

കോതമംഗലം: “പോലീസ് ജീപ്പിനാണോടാ, ലിഫ്റ്റ് ചോദിക്കുന്നേ എന്ന പോലീസിന്റെ ചോദ്യത്തിന് ഞാൻ മനുഷ്യൻമാരാണെന്ന് കരുതി കൈകാണിച്ചതാണ് ” എന്ന രസകരമായ മറുപടി ഒരു മലയാള സിനിമയിലേതാണ്. മുൻകാലങ്ങളിൽ അതു തന്നെയായിരുന്നു യഥാർത്ഥത്തിൽ സാധാരണക്കാരനും പോലീസും തമ്മിലുള്ള അകലം.

എന്നാൽ സോഷ്യൽ മീഡിയയിൽ പ്രായഭേദമന്യേ എല്ലാവരും വിരുന്നുകാരും വീട്ടുകാരും അയൽക്കാരുമൊക്കെയായി മാറിയപ്പോൾ കേരളാ പോലീസും പൊതുജന സമ്പർക്കത്തിനായി സോഷ്യൽ മീഡിയയെ തന്നെ കൂട്ടുപിടിച്ചു. “കേരളാ പോലീസ്” എന്ന ഫേസ് ബുക്ക് പേജ് ആരംഭിക്കുമ്പോൾ പോലീസിന് പൊതുജനത്തോട് പറയുവാനുള്ളത് എളുപ്പം പറയുന്നതിന് വേണ്ടി മാത്രമുള്ള സോഷ്യൽ മീഡിയയിലെ ഔദ്യോഗിക പേജ് ആയിരുന്നുവെങ്കിൽ ഇപ്പോൾ ചിരിയുടെ രസക്കൂട്ടുകൾ വാരിയെറിയുന്ന കോമഡി വേദിയായി മാറി കഴിഞ്ഞു.

പോലീസ് വളരെ ഗൗരവപൂർവ്വം ഒരു പോസ്റ്റിട്ടാൽ പോലും നിമിഷങ്ങൾക്കുള്ളിൽ പോലീസ് മാമാ അങ്ങനെ പറ്റുവോ, ഇങ്ങനെ ചെയ്താൽ എന്താവും മാമാ, ഞങ്ങളോട് ഇങ്ങനെ ചെയ്യാവോ മാമാ, എന്ന തരത്തിലുള്ള നൂറ് ചോദ്യങ്ങളുമായി വിരുതൻമാർ എത്തിയിരിക്കും. ശ്വാസം വിടാതെ, മീശ പിരിച്ച് ഗൗരവത്തിൽ നടക്കുന്ന പഴയ പോലീസല്ല മക്കളേ ഞങ്ങളെന്ന് പറയാതെ പറഞ്ഞ് കുടുക്ക് കമന്റിന് അതിലും കുടുക്ക് മറുപടിയുമായി പോലീസും കട്ടയ്ക്ക് പിടിച്ച് നിൽക്കും.

പോലീസിനെ നിശിതമായി വിമർശിക്കുന്ന കമന്റുകൾക്കും പ്രകോപിതരാകാതെ പോലീസ് കൊടുക്കുന്ന മറുപടികൾ കേരളത്തിലെ ചങ്കുകൾ എറ്റെടുക്കുന്നതും സ്ഥിര കാഴ്ചയാണ്.

ചിരിയുടെ മാലപ്പടക്കവുമായി യുവത്വവും, മാലപടക്കത്തിന് തിരികൊളുത്താൻ പോലീസും കൂടിയെത്തിൽ കേരളാപ്പോലീസിന്റെ ഔദ്യോഗിക പേജിന്റെ ഓരോ വാർത്തയുടെയും കീഴിൽ ഓരോ ട്രോൾ പേജുകൂടി ആരംഭിക്കുകയായി. കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ ചിരിയും ചിന്തയുമായി ജനഹൃദയത്തിൽ ഈ പേജ് അത്രയേറെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.

സാമൂഹിക പ്രശ്നങ്ങൾ, പൊതുജനസംശയം, പരാതി പരിഹാരം അങ്ങനെ പോലീസ് സേനയുമായി ബന്ധപ്പെട്ട എല്ലാത്തിനും സഹായവുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും കർമ്മനിരതരായി ഈ വിഭാഗം പ്രവർത്തിക്കുന്നു. കളിയിലൂടെ കാര്യം പറഞ്ഞ് യുവത്വത്തിന് പുതിയ ദിശാബോധം നൽകുവാൻ ഈ പേജിന് കഴിഞ്ഞു എന്നത് തന്നെയാണ് മറ്റ് സർക്കാർ വിഭാഗങ്ങളുടെ ഔദ്യോഗിക പേജുകളെ ബഹുദൂരം പിന്നിലാക്കിയ വിജയത്തിന്റെ പരസ്യമായ രഹസ്യം.

ക്ലാസ്സ് കഴിഞ്ഞ് ബസ് സ്റ്റാന്റിൽ സല്ലപിച്ചിരുന്ന പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കളോട് വീട്ടിൽ പോകാൻ പറഞ്ഞ പോലീസുകാരനോട് വണ്ടിക്കൂലിക്ക് പൈസയില്ല സാറേ എന്ന് മറുപടി കൊടുത്തപ്പോൾ അവിടെ നിന്ന മറ്റാളുകൾക്കിടയിൽ ചൂളിപ്പോയ പോലീസുകാരന്റെ കൈയ്യിൽ നിന്ന് അഞ്ച് രൂപയും വാങ്ങി കൂളായി പോകാൻ വിദ്യാർത്ഥിക്ക് ധൈര്യമുണ്ടായത് പോലീസിന്റെ വിജയം തന്നെയാണ്.

2011 ആഗസ്റ്റ് പന്ത്രണ്ടിനാണ് കേരളാ പോലീസ് എന്ന ഫേസ് ബുക്ക് പേജ് ആരംഭിക്കുന്നത്. പിന്നീട് കുറച്ച് കാലം ഒരു സ്വകാര്യ ഏജൻസിയാണ് കൈകാര്യം ചെയ്തിരുന്നത്. 2018 ഏപ്രിൽ മാസം ഈ പേജിന്റെ തലവര മാറ്റി മറിച്ച് കൊണ്ട് സോഷ്യൽ മീഡിയ സെൽ ആരംഭിച്ചു. ഫേസ്ബുക്ക് പേജിന് പുറമേ ട്വിറ്റർ,ഇൻസ്റ്റഗ്രാം, യുറ്റ്യൂബ്, വാട്സ്ആപ്പ് എന്നിവ കൂടി ഉൾപ്പെടുത്തി കൊണ്ടായിരുന്നു തുടക്കം.

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും നാലര മണിക്കൂർ നീണ്ടുനിന്ന വിവിധതല പരീക്ഷണങ്ങളെ അതിജീവിച്ച് കഴിവ് തെളിയിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കമൽനാഥ്, ബിമൽ വി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് പി.എസ്, അരുൺ ബി.ടി, ബിജു ബി.എസ് എന്നിവരടങ്ങിയ അഞ്ചംഗ സംഘത്തിനാണ് ഇപ്പോൾ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല.

ഇപ്പോൾ 9 ലക്ഷത്തിന് മുകളിൽ ലൈക്കുകളുമായി ലോകത്ത് തന്നെ ഒന്നാം സ്ഥാനം നേടി കേരളാ പോലീസ് ഫേസ് ബുക്ക് പേജ് കുതിക്കുകയാണ്. പോലീസിനോട് കൂട്ടുകൂടാൻ ഇഷ്ടമാണെങ്കിൽ നിങ്ങളുടെ ഒരു ലൈക്ക് മാത്രം മതി. കൂട്ടുകൂടാൻ കേരളാ പോലീസ് റെഡി.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...