കായിക കേരളത്തിന്റെ ‘പൊന്‍’ താരം ജിനു മരിയക്ക് വീട് നിർമ്മിക്കാൻ നിങ്ങളുടെ സഹായവും തേടുന്നു.

പോത്താനിക്കാട്: പുളിന്താനം സ്വദേശിനിയും, കായിക കേരളത്തിന്റെ അഭിമാനവുമായ ഹൈജമ്പ് താരം ജിനു മരിയ മാനുവലിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടിയാണു എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നത് . ജിനു മരിയക്ക് സ്വന്തമായി വീടില്ലെന്ന് മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞ ഒരു സ്ഥാപനം സ്ഥലം ലഭ്യമാക്കിയാൽ സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയാറായി എല്‍ദോ എബ്രഹാം എംഎല്‍എയെ സമീപിക്കുകയായിരുന്നു. വീട് നിർമ്മിക്കാനായി സ്ഥലം ഇതിനകം കണ്ടെത്തിയെങ്കിലും ഇത് വാങ്ങുന്നതിനാവശ്യമായ 4 ലക്ഷത്തോളം രൂപ ഇനിയും സമാഹരിക്കേണ്ടതുണ്ട്. സ്ഥലം നൽകുമ്പോൾ 10 ലക്ഷം രൂപ ചെലവിട്ട് സ്പോൺസർ വീട് നിർമ്മിച്ചു നൽകും. ഈ മാസം 10-ന് സ്ഥലം വാങ്ങിയ രേഖ ഈ സ്ഥാപനത്തിന് കൈമാറേണ്ടതുണ്ട്. അല്ല എങ്കിൽ സ്ഥാപനം നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ സാധിക്കാതെ വരും. ദേശീയ ഓപ്പൺ അത് ലറ്റിക്സുകളിൽ രണ്ടു വട്ടം സ്വർണ മെഡൽ നേടിയ ജിനുവിനെ പ്രോത്സാഹിപ്പിക്കേണ്ടതും, സ്വന്തമായി ഒരു വീട് എന്ന ആ പ്രതിഭയുടെ സ്വപ്നം യാഥാർത്ഥ്യമാക്കേണ്ടതും കായിക കേരളത്തിന്റെ കടമയാണ്. മൂവാറ്റുപുഴ എം എൽ എ ശ്രീ.എൽദോ എബ്രഹാം രക്ഷാധികാരിയും ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനുമായി ഒരു സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരികയാണ്. പോത്താനിക്കാട് സൗത്ത് ഇൻഡ്യൻ ബാങ്കിലെ അക്കൗണ്ടിലേക്ക് നിങ്ങളുടെ വിലയേറിയ സംഭാവനകൾ നൽകണമെന്ന് മുവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സി സ്കറിയ എന്നിവർ അറിയിച്ചു.

Jinu Maria Manuel
A/c no 0453053000015840
IFSC CODE- SIBL0000760… ..
South Indian Bank, Pothanicad Branch

ദേശീയ ഓപ്പണ്‍ അതലറ്റിക്‌സുകളില്‍ ഹൈജമ്പ് വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷവും കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ താരമാണ് ജിനു.ചെന്നൈയിലും, ലക്‌നൌവിലും നടന്ന അതലറ്റിക്‌സുകളിലാണ് ഈ നേട്ടം സാധ്യമായത്. ഈരാറ്റുപേട്ടക്കടുത്ത് മൂന്നിലവ് പഞ്ചായത്തില്‍ നിന്നും 17 വര്‍ഷം മുന്‍പ് ടാപ്പിംഗ് ജോലിക്കായി പുളിന്താനത്ത് എത്തിയതാണ് ഇവരുടെ കുടുംബം,അന്നുമുതല്‍ വാടക വീട്ടിലാണ് ഇവരുടെ താമസം. പനച്ചിക്കവയലില്‍ മാണി-ഡോളി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് ജിനു.ടാപ്പിംഗ് തൊഴിലാളിയായ മാണിയും,തയ്യല്‍ ജോലി ചെയ്യുന്ന ഡോളിയും ജിനുവിന്റെയും മറ്റു രണ്ടു കുട്ടികളുടെയും പഠന ചെലവും,ജിനുവിന്റെ കായിക പരിശീലനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കും ഒപ്പം വീടിന്റെ വാടകയ്ക്കുള്ള പണം കൂടി കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.മൂത്ത മകന്‍ ജിത്തു എന്‍ജിനീയറിംഗ് പാസായെങ്കിലും തൊഴിലൊന്നുമായിട്ടില്ല.ഇളയ മകന്‍ ജിതിന്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്.മക്കളില്‍ രണ്ടാമതായ ജിനു പാലാ അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ പാസായ ശേഷം ഒരു ജോലിക്കായി ശ്രമിക്കുകയാണ്. പുളിന്താനം ഗവ.യു പി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോളാണ് കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജിനുവിന്റെ കായിക ജീവിതം ആരംഭിക്കുന്നത്.എട്ടാം ക്ലാസ് മുതല്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും, പ്ലസ് ടു പഠനം തൃശൂര്‍ സായി സ്‌പോര്‍ട്‌സ് സ്‌കൂളിലുമായത് നേട്ടങ്ങള്‍ക്ക് കരുത്തായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ രണ്ടാം സ്ഥാനം നേടിയ ജിനു പിന്നീട് ദേശീയ ജൂനിയര്‍ അതലറ്റിക്‌സുകളില്‍ ഹൈജമ്പ് വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2016 സെപ്റ്റംബറില്‍ ലക്‌നൌവില്‍ നടന്ന ദേശീയ ഓപ്പണ്‍ അതലറ്റിക്‌സില്‍ ഹൈജമ്പ് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി 1.82 മീറ്റര്‍ ചാടി സ്വര്‍ണ്ണം കൊയ്ത ജിനു, ഈ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 1.78 മീറ്റര്‍ നേട്ടം ആവര്‍ത്തിച്ച് വീണ്ടും പൊന്‍ താരമായി. ബോബി അലോഷ്യസിന് ശേഷം ഹൈജമ്പില്‍ 1.80 മീറ്ററിന് മുകളില്‍ ചാടുന്ന കേരളത്തിലെ ഏക വനിതകായിക താരവും,കഴിഞ്ഞ വര്‍ഷം ചൈനയിലും, തായ്‌പേയിലുമായി നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത ഏക ഹൈജമ്പ് താരവും ജിനുവാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...