കോതമംഗലം മണ്ഡലത്തിൽ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും നഷ്ട പരിഹാരം ലഭ്യമാക്കും:ബഹു കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമ സഭയിൽ.

കോതമംഗലം:-സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ബഹു കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിയമസഭയിൽ വ്യക്തമാക്കി.പ്രളയത്തിനു മുൻപുണ്ടായ കനത്ത വേനൽ മഴയിലും,ശേഷമുണ്ടായ ശക്‌തമായ കാറ്റിലും കാർഷിക മേഖലയായ കോതമംഗലത്ത് വലിയ നാശ നഷ്ടമാണുണ്ടായതെന്നും,മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി നൂറ് കണക്കിന് വരുന്ന കർഷകരുടെ വിളയെടുക്കാൻ പാകമായ വിളകൾക്കാണ് വലിയ തോതിലുള്ള നാശനഷ്ടം സംഭവിച്ചതെന്നും,സ്വന്തം ഭൂമിയിലും അതുപോലെ വിവിധ പ്രദേശങ്ങളിലായി ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്തിരുന്ന ചെറുകിട ഇടത്തരം കർഷകർക്ക് അവരുടെ വിളകൾക്കുണ്ടായിട്ടുള്ള കനത്ത നാശനഷ്ടം കണക്കിലെടുത്ത് അടിയന്തിരമായി നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു മന്ത്രി ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.

പ്രളയത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ഏകദേശം 1.5 കോടി രൂപയുടെ കൃഷി നാശം കണക്കാക്കിയിട്ടുണ്ടെന്നും അതിൽ 50,000/- ൽ താഴെ കൃഷി നാശം സംഭവിച്ച കർഷകരുടെ നഷ്ട പരിഹാര തുക വിതരണം ചെയ്തു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.50,000/-രൂപയ്ക്ക് മുകളിൽ കൃഷി നാശം കണക്കാക്കിയിട്ടുള്ളവർക്ക് നഷ്ട പരിഹാര തുക അനുവദിക്കുന്നതിനുള്ള നടപടികൾ ജില്ലാ തലത്തിൽ സ്വീകരിച്ചു വരികയാണെന്നും,എത്രയും വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള കർഷകർക്ക് വിള ഇൻഷുറൻസിന്റെ ഭാഗമായി ഏകദേശം 14,23,700/- രൂപ വിതരണം ചെയ്തതായും മണ്ഡലത്തിൽ കൃഷി നാശം സംഭവിച്ച മുഴുവൻ പേർക്കും ഉപധനാഭ്യർത്ഥന/അഡീഷണൽ ഓതറൈസേഷൻ വഴി ഫണ്ട് ലഭ്യമാക്കി നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടി വേഗത്തിൽ സ്വീകരിച്ചു വരുന്നതായും ബഹു മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...