കോതമംഗലം മണ്ഡലത്തിൽ ക്യാൻസർ രോഗികൾക്കായുള്ള പെൻഷൻ അർഹരായ എല്ലാവർക്കും ലഭ്യമാക്കും: ആരോഗ്യ വകുപ്പ് മന്ത്രി.

കോതമംഗലം: സംസ്ഥാനത്ത് ക്യാൻസർ രോഗം ബാധിച്ചവർക്ക് പ്രതിമാസം നൽകി വരുന്ന 1000 രൂപ നിരക്കിലുള്ള പെൻഷൻ സ്കീം കോതമംഗലം മണ്ഡലത്തിൽ അർഹരായ മുഴവൻ പേർക്കും ലഭ്യമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു. ക്യാൻസർ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ അവർ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് ഇവർക്കു വേണ്ട പെൻഷൻ അടിയന്തിരമായി നൽകണമെന്ന് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. ഇതിനു മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോതമംഗലം താലൂക്കിൽ നിലവിൽ 490 പേർക്ക് ഇത്തരത്തിലുള്ള പെൻഷൻ നൽകി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.പെൻഷൻ ലഭിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട തഹസിൽദാർക്ക് അപേക്ഷ നൽകണമെന്നും, അപേക്ഷിക്കുന്ന രോഗിയുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട ഫോം നമ്പർ 10(ക്യാൻസർ രോഗിയാണെന്ന സാക്ഷ്യപത്രം) തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ,മലബാർ ക്യാൻസർ സെന്റർ, കൊച്ചി ക്യാൻസർ സെന്റർ,എല്ലാ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ രജിസ്ടേഡ് ഓങ്കോളജിസ്റ്റുകൾ,ജില്ല/ജനറൽ ആശുപത്രികളിലെ കീമോ തെറാപ്പി(ക്യൂറേറ്റീവ് & പാലിയേറ്റീവ്)/റേഡിയോ തെറാപ്പിയുമായി ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാർ ഇവരിലാരെങ്കിലും ഒരാൾ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഫാറം നമ്പർ 9 ലെ വില്ലേജ് ഓഫീസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് പെൻഷൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

താലൂക്കിൽ ലഭിക്കുന്ന ഇത്തരം അപേക്ഷകളിൽ വേഗത്തിൽ പെൻഷൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.താലൂക്കിൽ മാസം തോറും 10 അപേക്ഷകൾ ക്യാൻസർ രോഗ പെൻഷനുമായി ലഭിക്കാറുണ്ടെന്നും,യോഗ്യരായ എല്ലാവർക്കും പെൻഷൻ അനുവദിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...