ഭൂതത്താന്‍കെട്ട് ഡാമിന്റെ ജലാശയത്തില്‍ സര്‍വ്വീസ് നടത്താന്‍ ബോട്ടുടമകളുടെ ‘കൂട്ടയിടി.’

കോതമംഗലം: നേര്യമംഗലം മുതല്‍ ഭൂതത്താന്‍കെട്ട് വരെ വ്യാപിച്ച് കിടക്കുന്ന ഭൂതത്താന്‍കെട്ട് ഡാമിന്റെ ജലാശയത്തില്‍ സര്‍വ്വീസ് നടത്താന്‍ ബോട്ടുടമകളുടെ ‘കൂട്ടയിടി.’ പെരിയാര്‍ തീരങ്ങളുടെ മനോഹാരിത നുകരാനെത്തുന്ന വിനോദസഞ്ചാരികളെ പിഴിഞ്ഞ് പോക്കറ്റ് വീര്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി എറണാകുളം ജില്ലാ കളക്ടറെ മൂലയ്ക്കിരുത്തിയാണ് ഇവരുടെ രാഷ്ട്രീയ മുന്നേറ്റം പുരോഗമിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൂടുതല്‍ ബോട്ടുകള്‍ ജലാശയത്തിലിറങ്ങുന്നതോടെ കുടിവെള്ളത്തിനായി ആയിരങ്ങള്‍ ആശ്രയിക്കുന്ന പെരിയാറും മാലിന്യകൂമ്പാരമാവുമെന്ന് പരക്കെ ഉയരുന്ന ആശങ്ക. മാലിന്യം കാര്യമായി ബാധിക്കാത്ത കിഴക്കന്‍ മേഖലയിലെ പ്രധാന ജലശ്രോതസ്സ് ഭൂതത്താന്‍കെട്ട് അണക്കെട്ടാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

മലീനീകരണം അടക്കമുള്ള കാര്യങ്ങളില്‍ വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയ ശേഷം പുതിയ ബോട്ട് സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയാല്‍ മതിയെന്നായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ അധ്യക്ഷമായ മോണിറ്ററിംഗ് സമതി നേരത്തെ കൈക്കൊണ്ട തീരുമാനം. ഈ തീരുമാനം പൊളിക്കുന്നതിനാണ് ഇപ്പോള്‍ അണിയറയില്‍ നീക്കം ശക്തമായിരിക്കുന്നത്. ഭരണതലത്തില്‍ സമ്മര്‍ദ്ധം ചെലത്താന്‍ കഴിവുള്ള ബോട്ടുടമകളില്‍ ചിലരാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. 8 ബോട്ടുടമകളുടെ ഉടമകളാണ് പെരിയാറില്‍ ഭൂതത്താന്‍കെട്ട് , തട്ടേക്കാട് മേഖലയില്‍ സര്‍വ്വീസ് നടത്താന്‍ അനുമതിക്കായി കാത്തിരിക്കുന്നത്. 10 മുതല്‍ 99 പേര്‍ക്ക് വരെ സഞ്ചരിച്ചിക്കാവുന്ന സീറ്റിംഗ് സംവിധാനത്തോടെയാണ് ബോട്ടുകള്‍ പണിതിറക്കിയിട്ടുള്ളത്. നിലവില്‍ 9 ബോട്ടകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ മോണിറ്ററിംഗ് സമതി അനുമതി നല്‍കിയിട്ടുണ്ട് . ഇതില്‍ 80 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടും ഉള്‍പ്പടും. പുതിയ ബോട്ടുകള്‍ കൂടി എത്തുന്നതോടെ നേര്യമംഗലം മുതല്‍ ഭൂതത്താന്‍കെട്ട് വരെയുള്ള മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം 17 ആവും.

ബോട്ടുകളുടെ എണ്ണം പെരുകുന്നതോടെ മലീനീകരണത്തിന്റെ തോതും വര്‍ദ്ധിക്കുമെന്നാണ് പ്രദേശവാസികളില്‍ ഒരുവിഭാഗം ചൂണ്ടികാണിക്കുന്നത്. പെരിയാര്‍ തീരങ്ങളുടെ മനോഹരിത ആവോളം നുകരാന്‍ ബോട്ടുയാത്ര സഹായകമാണ്. ഇതുകൊണ്ടുതന്നെ ബോട്ട് യാത്ര ലക്ഷ്യമിട്ട് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിക്കുന്നുണ്ട്. ആരംഭ കാലത്ത് വന്‍ സുരകക്ഷ ഭീഷിണിയുടെ നിഴലിലാണ് ഇവിടെ ബോട്ട് സര്‍വ്വീസുകള്‍ നടന്നിരുന്നത്. ഇതേത്തുടര്‍ന്ന് 18 ജീവനുകള്‍ നഷ്ടമായി. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് യു പി സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും 3 അധ്യാപികമാരുമാണ് മരണമടഞ്ഞത്. തട്ടേക്കാട് സ്വദേശിയായ രാജു ഓടിച്ചിരുന്ന ശിവരഞ്ജിനി ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഭാരക്കൂടുതല്‍ മൂലം ബോട്ട് തട്ടേക്കാന് സമീപം പെരിയാര്‍ തീരത്ത് മറിയുകയായിരുന്നു. 2007 ഫെബ്രുവരി 20 ന് ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. ദുരന്തത്തിന് 11 വയസ് പൂര്‍ത്തിയാകുകയും ചെയ്‌തു.

ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍വാലി അധികൃതര്‍ പ്രദേശത്ത് ബോട്ട് സര്‍വ്വീസ് നിരോധിച്ചിരുന്നു. പിന്നീട് കര്‍ശന വ്യവസ്ഥകളോടെയാണ് ഇവിടെ ബോട്ടിംഗിന് ബന്ധപ്പെട്ട അധികൃതര്‍ അനുമതി നല്‍കിയത്. സുരക്ഷക്രമീകരണങ്ങള്‍ നീരീക്ഷിച്ച ശേഷമാണ് നിലവില്‍ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ അനുമതി നല്‍കുന്നത്. ബോട്ടുകളുടെ ഇനം കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള സീറ്റുകളില്‍ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരെ മാത്രമേ ബോട്ടുകളില്‍ കയറ്റു. എല്ലാ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റുകള്‍ നല്‍കും. സീറ്റ് ബെല്‍റ്റുകളും ധരിപ്പിക്കും. ഇതിന് ശേഷമാണ് ബോട്ട് തീരത്തുനിന്നും പുറപ്പെടുക.

ബോട്ടുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സുരക്ഷക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അടിക്കടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബോട്ടുകളില്‍ പരിശോധനയും നടത്തുന്നുണ്ട്. അപകട സാഹചര്യം ഒഴിവാക്കി, വേണ്ട സുരക്ഷക്ഷ മുന്‍കരുതലുകളുമായി ബോട്ടുകള്‍ സര്‍വ്വീസുകള്‍ ആരംഭിച്ചത് വിനോദസഞ്ചാരികളുടെ ഭയാശങ്കകള്‍ പാടെ അകറ്റി. ഇതാണ് ബോട്ടുയാത്രയ്ക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. സീസണ്‍ സമയങ്ങളില്‍ തിരക്ക് മൂലം ബോട്ടുയാത്ര നടത്താന്‍ കഴിയാതെ നിരാശരായി മടങ്ങുന്നവര്‍ ഏറെയാണെന്ന് ബോട്ട് ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ റോയി എബ്രാഹം അറിയിച്ചു. ഭൂതത്താന്‍കെട്ട് സ്വദേശിയായ റോയി കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...