ആകാശ വെള്ളരിയോ ? കറിക്കും, രോഗ പ്രതിരോധത്തിനും തുടങ്ങി ഗ്രീൻ ടീ വരെ ഉണ്ടാക്കുവാൻ സാധിക്കുന്ന ഫല സസ്യം.

കോതമംഗലം : വെള്ളരി മലയാളിക്ക് പുതുമയല്ല, എന്നാല്‍ ആകാശവെള്ളരിയോ? തെല്ല് പുതുമയും അതിലേറെ അപരിചിതവുമാണിത്. പുതു തലമുറയിലെ ഭൂരിഭാഗത്തിനും എങ്ങെയൊരു ഫല വർഗ്ഗം ഉള്ളതായിപോലും അറിവുണ്ടാകുവാൻ ഇടയില്ല. സാധാരണ വെള്ളരി നിലത്ത് വേരോടി വള്ളി പടര്‍ന്ന് കായ്ക്കുമ്പോള്‍ ആകാശവെള്ളരി മേലാപ്പിലോ മട്ടുപ്പാവിലോ പന്തല്‍ കെട്ടി വളര്‍ത്തിയാലേ പടരുകയും കായ് തരികയും ചെയ്യൂ. നാട്ടിൻ പുറങ്ങളിലെ തൊടികളിൽ ഇപ്പോൾ അപൂർവ്വ കാഴ്ചയാണ് ആകാശ വെള്ളിരി. വർഷങ്ങൾക്ക് മുൻപ് വരെ മിക്ക ആഞ്ഞിലി മരങ്ങളിലോ , പ്ലാവുകളിലോ പടർന്ന് കയറി കായ്ച്ചു കിടന്നിരുന്ന ഫല സസ്യം ആയിരുന്നു.

നമുക്കേറെ പരിചിതമായ പാഷന്‍ ഫ്രൂട്ടിന്റെ കുടുംബാംഗമാണ് ആകാശവെള്ളരി. Giant Granadilla എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. തൈ നട്ടാൽ ഒരു വര്ഷം കൊണ്ടുതന്നെ പൂവിടും ചെയ്യും . പ്രതേകിച്ചു പരിചരണം ഒന്നും ആവശ്യമില്ലാത്ത വിളകൂടിയാണ്. ചെറിയ മരങ്ങളിൽ പാടത്താതിരിക്കുന്നതാണ് ഉത്തമം കാരണം നല്ല ഇല തുറുപ്പുള്ളതുകൊണ്ട് മരത്തിന് നാശം വരുത്തുവാൻ സാധ്യത ഉണ്ട്. വള്ളിനിറയെ വിടരുന്ന പൂക്കള്‍ കണ്ടാല്‍ ഏത് അലങ്കാരച്ചെടിയും തോറ്റുപോകും. ഫാഷൻ ഫ്രൂട്ട് ചെടിയുടെ പൂപോലെ മനോഹരമാണ് ആകാശ വെള്ളിരിയുടെ പൂക്കളും. ഒരു ചെടിയില്‍നിന്ന് എഴുപത് വെള്ളരിവരെ കിട്ടും. ഒരു വെള്ളിരി ഏകദെശം രണ്ട് കിലോയോളം തൂക്കം വരും. പെരുമണ്ണൂർ , കവളങ്ങാട് , നേര്യമംഗലം മേഖലകളിലെ പറമ്പുകളിൽ ആകാശ വെള്ളിരിയെ , ആരും തിരിഞ്ഞു പോലും നോക്കാതെ കിടക്കുന്നത് കാണുവാൻ സാധിക്കുന്നതാണ്.

വെള്ളിരി പച്ചയ്ക്ക് സലാഡ് ആയും വിളഞ്ഞാല്‍ ജാം, ജെല്ലി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം എന്നിവ ഉണ്ടാക്കുവാനും ഉത്തമം. തൊണ്ട് ചെത്തിക്കളയാതെ തന്നെ മോര് ചേർത്ത് കരി വെക്കുവാനും നല്ലതാണ്. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളിൽ വിളവെടുപ്പ് നടത്താവുന്നതാണ്. രണ്ടു മാസത്തെ വളര്‍ച്ച മതി കായ്കള്‍ വിളയാന്‍. ഇതിന്റെ ഇലകളുണക്കി ‘ഗ്രീന്‍ ടീ’ തയ്യാറാക്കി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. കായ്കളിലടങ്ങിയ ‘പാസിപ്ലോറിന്‍’ എന്ന ഘടകം രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ പ്രതിരോധിക്കും. ഫല വർഗ്ഗമായും , മൂല്യവർദ്ധിത ഉൽപ്പന്നമായും , രോഗ സംഹാരിയായും ഉപയോഗപ്പെടുത്തേണ്ട ഫലമാണ് ഇപ്പോൾ അറില്ലായ്മയും , അവജ്ഞയും മൂലം നാട്ടിൻ പുറങ്ങളിലെ മരങ്ങളിൽ കിടന്ന് നശിച്ചു പോകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...